കുവൈത്ത് സിറ്റി: വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തുനിന്ന് നാടുകടത്തിയത് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം പ്രവാസികളെ. നാടുകടത്തൽ ചുമതലയുള്ള ജയില്‍ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജിലീബിലെ പഴയ നാടുകടത്തൽ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജയിലില്‍ കഴിയുന്നവരെ പുതുതായി നിർമിച്ച തടവ് കെട്ടിടത്തിലേക്ക് ഘട്ടം ഘട്ടമായി മാറ്റും. ആയിരത്തിലേറെ തടവുകാരെ പുതിയ ജയില്‍ സമുച്ചയത്തില്‍ താമസിപ്പിക്കാം.
ആദ്യ ഘട്ടമായി പുരുഷന്മാരായ തടവുകാരെയും പിന്നീട് മറ്റുള്ളവരെയും മാറ്റിപ്പാര്‍പ്പിക്കും. തടവുകാർക്ക് തങ്ങളുടെ എംബസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം ഒരുക്കും. തടവുകാര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടുകടത്തുന്നവർക്കായി വിമാനത്താവളത്തിൽ നടപടിക്രമങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങളും ഗേറ്റും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.