വർഷാന്ത്യ അവധിക്കായി നാട്ടിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയ ഒരു നാൾ. മസ്‌ക്കത്ത് വഴി കോഴിക്കോട്ടേക്കുള്ള കണക്ഷൻ ഫ്ലൈറ്റിലാണ് എന്റെ യാത്ര. ബോർഡിങ് കഴിഞ്ഞു ലോഞ്ചിലേക്ക് നടക്കുന്നതിനിടെ തൊട്ടടുത്തായി മധ്യ വയസ്സുള്ള ഒരു സ്ത്രീ മകനെന്നു തോന്നിക്കുന്ന ഒരാളുടെ കൈ പിടിച്ചു നടക്കുന്നതു കണ്ടു. അയാൾക്ക് 22 വയസ്സെങ്കിലും തോന്നിക്കും.
നോക്കിയിരിക്കെ അവർ അടുത്തേക്കു വന്നു. മകനാണ്, ആദ്യമായാണ് തനിച്ച് നാട്ടിൽപോകുന്നത്. എന്തെങ്കിലും സഹായം വേണ്ടി വന്നാൽ ചെയ്തു കൊടുക്കണം-അവർ പറഞ്ഞു.ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. ആ സ്ത്രീയുടെയും മകന്റെയും മുഖത്തു സങ്കടവും പരിഭ്രമവും നിരാശയും കലർന്ന വ്യത്യസ്ത ഭാവങ്ങൾ നിഴലിച്ചിരുന്നു. മകൻ എന്റെ കൂടെ നടക്കാൻ തുടങ്ങി. ആ സ്ത്രീ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഭാഗവും കഴിഞ്ഞു കുറെ ദൂരം പിറകെ വന്നു. സെക്യൂരിറ്റി ഗാർഡ് തടഞ്ഞപ്പോഴാണ് തിരിച്ചു പോയത്.
ഡിപ്പാർച്ചർ ഹാളിൽ വിമാനസമയം കാത്തിരിക്കുമ്പോൾ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. കോഴിക്കോടാണ് വീട്. കുവൈത്തിൽ ആദ്യമായി വന്നതാണ്. വിസ കാൻസൽ ചെയ്തു തിരിച്ചുയാത്രയിലാണ്. എന്നാൽ, വിസ കാൻസൽ ചെയ്തതിൽ ഇപ്പോൾ നിരാശയുണ്ട്. കാൻസൽ ചെയ്ത വിസയിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് നിസ്സഹായതയോടെ ഞാൻ മറുപടി കൊടുത്തു. അപ്പോൾ അയാളുടെ മുഖത്തെ വിഷാദം ഇരട്ടിച്ചു. എന്താ സംഭവിച്ചത് എന്ന് ചോദിച്ചു. ചെറുപ്പക്കാരൻ തന്റെ കഥ പറഞ്ഞു തുടങ്ങി.
ഉപ്പ മരണപ്പെട്ടതിനു ശേഷം ഉമ്മയാണ് അവരെ വളർത്തിയത്. പിന്നീട് ഉമ്മ കുവൈത്തിൽ ഒരു വീട്ടു ജോലിക്കായി എത്തി. ഒരു പെങ്ങൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ കുവൈത്തിൽ ഉണ്ട്. കുടുംബ പ്രാരാംബ്ദങ്ങൾക്കു തണൽ ആകുമല്ലോ എന്ന് കരുതിയ ഉമ്മ പൈസ സ്വരുകൂട്ടി വിസ എടുത്തു മകനെ കുവൈത്തിൽ കൊണ്ട് വന്നു.
കുവൈത്തിൽ എത്തിയപ്പോഴാണ് ഉമ്മ വേറെ വിവാഹം കഴിച്ചത് അറിഞ്ഞത്. മകനിൽ നിന്നും അത് മറച്ചു വെക്കുകയായിരുന്നു. പെങ്ങൾക്കും ഈ വിവരം അറിയാമായിരുന്നു. പെട്ടെന്ന് ഇത് അറിഞ്ഞപ്പോൾ അയാൾക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റിയില്ല. തിരിച്ചുപോകുകയാണെന്ന് വാശി പിടിച്ചു. അറബി വീട്ടിൽ ജീവിതം ഹോമിച്ച പണം കൊണ്ടാണ് ഉമ്മ തനിക്ക് വിസ എടുത്തതെന്നും അവർക്കും ഒരു തുണവേണമെന്നതും അപ്പോൾ ചിന്തിച്ചില്ല. തിരിച്ചു പോകാൻ അയാൾ പെട്ടെന്ന് തീരുമാനം എടുത്തു. വിസ കാൻസൽ ചെയ്തു.
‘പക്ഷേ, ഇപ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം തോന്നുന്നു. ഉമ്മയെ ഞാൻ മനസിലാക്കിയില്ല’ കരച്ചിലിന്റെ വക്കിൽ എത്തിയ വാക്കുകളിൽ അയാൾ പറഞ്ഞു. ഇതിനിടയിൽ അയാൾ എന്റെ മൊബൈൽ വാങ്ങി ഉമ്മയും ആയി സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നുമുരിയാടാൻ കഴിയാതെ ഞാൻ നിസ്സഹായനായി അയാളെ നോക്കി. ഞങ്ങളുടെ ഇടയിൽ മൗനം തളം കെട്ടി.
ബസിൽ വിമാനത്തിനടുത്തേക്ക് പോകുമ്പോഴും, പിന്നെ കണക്ഷൻ ഫ്ലൈറ്റിനു വേണ്ടി മസ്കത്തിൽ ഇറങ്ങുന്നത് വരെയും ആൾ എന്റെ പുറകിൽ ഉണ്ടായിരുന്നു. മസ്കത്തിൽ എത്തിയ ശേഷം പിന്നെ കണ്ടില്ല. തിരക്കിനിടയിലും ഞാൻ അയാളെ ചുറ്റും നോക്കി. നാട്ടിൽ പോകുന്നതിന്റെ സന്തോഷവും ആകാംക്ഷയും എന്റെ മനസ്സിൽ നിന്നു പോയ്മറഞ്ഞു.
ആകെ ഒരു വിങ്ങൽ ഉള്ളിൽ നിറഞ്ഞു. നാട്ടിൽ അയാളെ കുടുംബക്കാരും നാട്ടുകാരും എങ്ങിനെ ആയിരിക്കും സ്വീകരിക്കുക എന്ന് ഓർത്തു. ആ ഉമ്മയെ അയാൾ ഇനി എന്നു കാണുമെന്നോർത്തു. ഏറെ നാൾ കഴിഞ്ഞും അയാളെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ മായാതെ ഇപ്പോഴും തിരയിളക്കുന്നു. ഒരു യാത്രയിൽ ഒരുമിച്ച സുഹൃത്തേ.. നിങ്ങൾ എവിടെയാണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.