കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സിറ്റി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ താമസ, തൊഴിൽനിയമങ്ങൾ ലംഘിച്ച 106 പേർ പിടിയിലായി. അബു ഹലീഫ ഏരിയയിൽ വീട്ടിൽ നിർമിച്ച മദ്യവുമായി ഒരാളും അറസ്റ്റിലായി. 70 കുപ്പി മദ്യം ഇയാളിൽനിന്ന് കണ്ടെടുത്തു.
ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച രണ്ടുപേരും പൊലീസ് പിടിയിലായി. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കി. നിയമലംഘകരെ നടപടികൾ പൂർത്തിയാക്കി ഉടൻ നാടുകടത്താനാണ് തീരുമാനം. നിയമം ലംഘിക്കുന്നവരുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കുന്നത്. രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനക്കും നിർദേശം നൽകി. കര-വ്യോമ അതിര്‍ത്തികളില്‍ സജ്ജീകരിച്ച ബയോമെട്രിക് സംവിധാനങ്ങള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ തടയും. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളും നടപടികൾ നേരിടേണ്ടിവരും. നിയമലംഘകർക്ക് അഭയം നൽകാനോ കൃത്യം മറച്ചുവെക്കാനോ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.