കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഈ വർഷം തൊഴിൽ നിയമലംഘനത്തെ തുടർന്ന് പിടികൂടിയ 21,190 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കി. വിസ കൃത്രിമത്വവും ലംഘനങ്ങളും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അറിയിച്ചു.
വ്യാജരേഖ ചമച്ചും പണം വാങ്ങിയും റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 59 ക്രിമിനൽ കേസുകളിലും ഈ വർഷം നടപടി സ്വീകരിച്ചു.
വ്യാജ കമ്പനികളുടെ പേരിലുള്ള ഇത്തരം തട്ടിപ്പുകളിൽ വ്യാജരേഖ നിർമാണം, കൃത്രിമം എന്നിവ നടത്തിയ സ്ഥാപന ഉടമകളും പ്രതിനിധികളും പിടിയിലായി. നിയമവിരുദ്ധമായി റസിഡൻസി പെർമിറ്റ് സമ്പാദിച്ച സംഭവത്തിൽ വ്യക്തികളും കമ്പനികളും ഉൾപ്പെട്ട 506 കേസുകളും രജിസ്റ്റർ ചെയ്തു.
അതേസമയം, ജൂൺ 30ന് മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന. ആറ് ഗവർണറേറ്റുകളിലും ശക്തമായ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. നിരവധി പേർ ഈ പരിശോധനകളിൽ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.