കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ എന്ന വലിയ സ്വപ്നത്തിലേക്ക് വീണ്ടും കുവൈത്തിന്റെ പ്രതീക്ഷകൾ വളരുന്നു. ചൊവ്വാഴ്ച അഫ്ഗാനിസ്താനെ മറികടക്കാനായാൽ ലോകകപ്പ് യോഗ്യത പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിൽ കുവൈത്തിന് പ്രവേശിക്കാം. ഇന്ത്യയെ അവസാന മത്സരത്തിൽ സമനിലയിൽ തളച്ചതോടെയാണ് കുവൈത്തിന്റെ പ്രതീക്ഷകൾ പൂവണിഞ്ഞത്. എന്നാൽ ഇതേ ദിവസം നടക്കുന്ന ഇന്ത്യ-ഖത്തർ മത്സരത്തെ ആശ്രയിച്ചാകും കുവൈത്തിന്റെ വിധി. ചൊവ്വാഴ്ച വൈകീട്ട് 6.45ന് അലി സബാഹ് അൽ സാലിം സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിൽ കുവൈത്ത്, ഇന്ത്യ, ഖത്തർ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് 13 പോയന്റുള്ള ഖത്തർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. ഖത്തറിനു പിന്നിൽ അഞ്ചുപോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അഞ്ചു പോയന്റുമായി അഫ്ഗാനിസ്താനും കുവൈത്തിന്റെ മുന്നിലുണ്ട്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ വൻമാർജിനിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം കുവൈത്തിനുണ്ട്. ചൊവ്വാഴ്ച കുവൈത്ത് അഫ്ഗാനിസ്താനെ തോൽപ്പിക്കുകയും, ഇന്ത്യ ഖത്തറിനോട് തോൽക്കുകയും ചെയ്താൽ കുവൈത്ത് രണ്ടാം സ്ഥാനത്തേക്ക് കയറും. ഇതിലാണ് കുവൈത്തിന്റെ പ്രതീക്ഷ. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഏഷ്യൻ കപ്പിലേക്ക് നേരിട്ടുള്ള യോഗ്യതയും ലഭിക്കും. കുവൈത്തിനൊപ്പം ഇന്ത്യക്കും, അഫ്ഗാനിസ്താനും അവസാന മത്സരം നിർണായകമാണ്. വിജയിക്കുന്ന എതു ടീമും അടുത്ത റൗണ്ടിൽ പ്രവേശിക്കും എന്നതിനാൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.