മസ്കത്ത്: സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ ( റുബൂ ഉൽ ഖാലി) മരുഭൂമിയിലൂടെ അടുത്തിടെ നിർമിച്ച പുതിയ റോഡ് മാർഗംവഴി കഴിഞ്ഞവർഷം 14,000 പേരാണ് ഉംറ നിർവഹിക്കാനായെത്തിയതെന്ന് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രി ഡോ തൗഫീഖ് ഫൗസാൻ അൽ റബിഅ പറഞ്ഞു. സുൽത്താനേറ്റിൽ ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രാദേശിക പത്രവുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് 53,000 പേരാണ് ഉംറ നിർവഹിക്കാനായി എത്തിയത്. 2022 മായി താരതമ്യം ചെയ്യുമ്പോൾ 207 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ തീർഥാടകരുടെ വരവ് സാധ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രവർത്തിക്കുകയാണ്. ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ ആവശ്യത്തിനായി ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനമുൾപ്പെടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിലെ താമസക്കാർക്ക് ഗ്രൂപ് വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതുൾപ്പെടെ വിസ ഇഷ്യു ചെയ്യൽ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളും പരിഗണനയിലാണ്. റുബൂ ഉൽ ഖാലി പോർട്ട് നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിലെ സഹോദരീ സഹോദരന്മാരുൾപ്പെടെ ലോകമെമ്പാടുമുള്ള ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ബഹുമാനവും ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. അവരുടെ മൊത്തത്തിലുള്ള അനുഭവം സമ്പന്നമാക്കാനുള്ള വഴികളും ആലോചനയിലാണ്. ഈ വർഷം രണ്ടാം പകുതിയിൽ സലാലയിൽനിന്ന് ജിദ്ദയിലേക്ക് നാല് ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന ഫ്ലൈനാസിന്റെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ട്. കൂടുതൽ ഉംറ തീർഥാടകരുടെയും പൗരന്മാരുടെയും സുൽത്താനേറ്റിലെ താമസക്കാരുടെയും വരവ് സാധ്യമാക്കുന്നതിന് ഈ ശ്രമങ്ങൾ സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഉംറ തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള ഏകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ എക്സിബിഷന്റെ ഭാഗമായി ഹജ്, ഉംറ മന്ത്രി ഒരു കൂട്ടം ഒമാനി ടൂറിസം, ഉംറ കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. പ്ലാറ്റ്ഫോമിലൂടെ, തീർഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും ഉംറ യാത്രക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയും. ഉംറയുടെ ആസൂത്രണം, വിസകൾ നൽകൽ, റിസർവേഷൻ പൂർത്തിയാക്കൽ തുടങ്ങിയവയും നിർവഹിക്കാവുന്നതാണ്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെയും ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ മസ്കത്തിൽ ചർച്ചയും നടത്തി. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരി, സൗദിയെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ഫൗസാൻ അൽ റബിഅയുടെയും നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.