മസ്കത്ത്: ഈ വർഷത്തെ കാർഷിക സീസണിൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ ഉൽപാദിപ്പിച്ചത് 20 ടൺ റോസാപ്പൂക്കൾ. ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയിലെ ബിസിനസ് സെന്ററിലും ഇൻകുബേറ്ററുകളിലും ഉൽപാദിപ്പിച്ച പൂവുകളുടെ അളവാണിത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഉൽപാദനത്തിൽ ഒമ്പത് ടണ്ണിന്റെ വർധന കൈവരിച്ചു. പനിനീർ സുഗന്ധമായി ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ജബൽ അൽ അഖ്ദറിലെ ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയിലെ ബിസിനസ് ആൻഡ് ഇൻകുബേറ്റേഴ്സ് സെന്ററിലെ സീനിയർ എക്സിക്യൂട്ടിവ് ഇസ്സാം ബിൻ സെയ്ഫ് അൽ സക്വാനി പറഞ്ഞു. ഭക്ഷണം, പാനീയങ്ങൾ, ക്രീമുകൾ പോലുള്ള സൗന്ദര്യവർധക വ്യവസായങ്ങളിലും സുഗന്ധമുള്ള സോപ്പിന്റെ നിർമാണത്തിലും ഉപയോഗിക്കുന്നുണ്ട്.
റോസാദളങ്ങളുടെ അവശിഷ്ടങ്ങൾ സോപ്പ്, രാസവളം എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ഇത് കാർഷിക ഭൂമിയുടെ ഫലഭൂയിഷ്ഠതക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരകൗശല വിദഗ്ധർക്കും സംരംഭകർക്കും പനിനീർ, വിവിധ സുഗന്ധതൈലങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങി നിരവധി മേഖലകളിൽ പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ച് പിന്തുണ നൽകുന്നുണ്ട്. ബിസിനസ് ഉടമകളെ അവരുടെ പ്രോജക്ടുകളും ഉൽപന്നങ്ങളും അവതരിപ്പിക്കാൻ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജബൽ അഖ്ദറിലെ ബിസിനസ് സെന്ററിലും ഇൻകുബേറ്ററുകളിലും സുഗന്ധമുള്ള സസ്യങ്ങൾ വാറ്റിയെടുക്കുന്നതിനും അവശ്യ എണ്ണകൾ ഉൽപാദിപ്പിക്കുന്നതിനുമുള്ള പരിശീലന ഹാൾ, സംരംഭകരെയും കരകൗശല വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിനുള്ള വകുപ്പ്, പ്രദർശനത്തിനായി ഒമാനി ക്രാഫ്റ്റ്സ് ഹൗസ് എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളുണ്ട്.ഒമാനിലെ ഊട്ടിയായ ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂ വിളവെടുപ്പ് ആരംഭിക്കാറുള്ളത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഏഴ് ഏക്കറിലായി 5,000ത്തില്‍ പരം പനിനീര് ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവിടെനിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാനമാർഗമാണ്.
അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽനിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.