മസ്കത്ത്: രണ്ടാം ബെല്ലിനുശേഷം ‘തുഞ്ചന്‍പറമ്പിലെ തത്തേ...’ എന്ന, മലയാളിയുടെ ഗൃഹാതുരത്വത്തിനുമേല്‍ കൈയൊപ്പിട്ട ദേവരാജന്‍ മാസ്റ്ററുടെ പാട്ട് സദസ്സിലേക്ക് ഒഴുകിയത്തെിയപ്പോള്‍ മസ്കത്ത് കേരളത്തിലെ അറുപതുകളിലെ ഏതോ ഉത്സവപ്പറമ്പിലേക്ക് മറിഞ്ഞുവീണിരുന്നു. പിന്നീട് അല്‍ ഫലാജ് ഹോട്ടലിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മൂന്നു മണിക്കൂര്‍ മസ്കത്ത് തിയറ്റഴ്സ് ഒരുക്കിയ അശ്വമേധമായിരുന്നു.
മസ്കത്തിലെ പ്രവാസി നാടക കൂട്ടായ്മയായ മസ്കത്ത് തിയറ്റേഴ്സിന്‍െറ പ്രഥമ സംരംഭംകൂടിയാണ് തോപ്പില്‍ ഭാസി അറുപതുകളില്‍ എഴുതി രംഗത്തത്തെിച്ച അശ്വമേധം. ഒട്ടും പഴമചോരാതെ മസ്കത്തിലെ കലാകാരന്മാര്‍ അത് അരങ്ങില്‍ എത്തിച്ചപ്പോള്‍ മസ്കത്തിലെ പ്രവാസി പുതുതലമുറക്ക് അത് നവ്യാനുഭവമായി. ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെ അധ്യാപകനായ അന്‍സാര്‍ ഇബ്രാഹീമിന്‍െറ സംവിധാനത്തില്‍ ആണ് അശ്വമേധം മസ്കത്തിന്‍െറ അരങ്ങില്‍ എത്തിയത്. ജോലിയും ജീവിതവുംകൊണ്ട് തിരക്കുപിടിച്ചോടുന്ന ജീവിതത്തില്‍നിന്ന് പകുത്തെടുത്ത നേരവുമായി ഒരുകൂട്ടം കലാകാരന്മാരും കലാകാരികളും ഒത്തുചേര്‍ന്നപ്പോള്‍ അര നൂറ്റാണ്ടിനിപ്പുറം നാടകാസ്വാദകര്‍ക്ക് അത് വിരുന്നായി. രോഗിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു അശ്വമേധത്തിന്‍െറ മുഖ്യപ്രമേയം.
കുഷ്ഠരോഗവും അതുപോലുള്ള രോഗങ്ങളോടും സമൂഹം കാണിച്ചിരുന്ന മനോഭാവത്തിനുനേരെ എയ്ത നാടകത്തിന്‍െറ രചനാസംഘര്‍ഷങ്ങള്‍ തോപ്പില്‍ ഭാസിയുടെ മകന്‍ തോപ്പില്‍ സോമന്‍െറ ശബ്ദത്തിലൂടെ സദസ്സ് കേട്ടു. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം അന്നത്തെ സമൂഹ മനസ്സാക്ഷിയുടെ നെഞ്ചിലേക്ക് എയ്യുകയായിരുന്നു ഭാസി. രോഗത്തോടും രോഗികളോടും രോഗംമാറി തിരിച്ചുവന്നവരോടുമുള്ള മാറ്റമില്ലാത്ത സമീപനത്തിലേക്ക് സമൂഹത്തിന്‍െറ ഉള്‍ക്കണ്ണ് തുറപ്പിക്കാനുള്ള പരീക്ഷണത്തിന് തുനിയുകയായിരുന്നു അദ്ദേഹം.
ജീവിതം ഭീതിയുടെയും ഒറ്റപ്പെടലിന്‍െറയും അനുഭവമായി മാറുന്ന കാഴ്ചയും നാടകത്തിലൂടെ കണ്ടു. രോഗം ബാധിച്ച ഒരു കലാകാരന്‍െറ വിവരണത്തിലൂടെ തോപ്പില്‍ ഭാസി മനുഷ്യന്‍െറ ചില പൊങ്ങച്ചങ്ങളെ ചോദ്യംചെയ്യുകയാണ് നാടകം ചെയ്തത്.
സരോജമായി ശ്രീവിദ്യയും ഡോക്ടര്‍ തോമസായി തോമസ് കുന്നപ്പിള്ളിയും മന്ത്രവാദിയായി മാന്നാര്‍ അയ്യൂബും കേശവ സ്വാമിയായി ബഷീര്‍ എരുമേലിയും വേഷമിട്ടു. പ്രഫഷനല്‍ നാടകരംഗത്തെ പ്രതിഭയായ സുജാതന്‍ മാസ്റ്റര്‍ ഒരുക്കിയ രംഗപടം കൂടി ആയപ്പോള്‍ അശ്വമേധം സമ്പൂര്‍ണമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.