ഐക്യരാഷ്ട്ര സഭയുടെ മനുഷ്യ വികസന സൂചികയില്‍ ഒമാന് 52ാം സ്ഥാനം

മസ്കത്ത്: ഐക്യരാഷ്ട്ര സഭാ ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) പുറത്തിറക്കിയ മനുഷ്യ വികസന സൂചികയില്‍ ഒമാന് 52ാം സ്ഥാനം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളില്‍ ഒമാന്‍ അവസാന സ്ഥാനക്കാരാണ്. 188 രാഷ്ട്രങ്ങളാണ് പട്ടികയില്‍ ഉള്ളത്. 0.793 എന്ന സ്കോറോടെ ഉയര്‍ന്ന മനുഷ്യവികസനശേഷി കൈവരിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒമാന് കഴിഞ്ഞു. 
ജി.സി.സി രാഷ്ട്രങ്ങളില്‍ 32ാം സ്ഥാനത്തുള്ള ഖത്തറാണ് സൂചികയിലെ മുമ്പര്‍. സൗദി 39ാം സ്ഥാനത്തും യു.എ.ഇ 41ലും ബഹറൈന്‍ 45ലും കുവൈത്ത് 48ാം സ്ഥാനത്തും എത്തി. മധ്യനിലവാരത്തിലുള്ള രാഷ്ട്രങ്ങളുടെ പട്ടികയിലുള്ള ഇന്ത്യക്ക് സൂചികയില്‍ 130ാം സ്ഥാനമാണുള്ളത്. 
നോര്‍വേയാണ് ഏറ്റവുമധികം മനുഷ്യവികസനം കൈവരിച്ച രാഷ്ട്രം. ആസ്ട്രേലിയയും നോര്‍വേയുമാണ് തൊട്ടുപിന്നിലുള്ളത്. ആരോഗ്യത്തോടെയും ആയുസ്സോടെയുമുള്ള ജീവിതം, അറിവ് ലഭ്യമാകുന്നതിനുള്ള എളുപ്പം, മാന്യമായ ജീവിതനിലവാരം എന്നിവയാണ് സൂചിക തയാറാക്കുന്നതില്‍ മാനദണ്ഡമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഒമാനികളുടെ ശരാശരി ആയുസ്സ് 76.8 ആണ്. പ്രതിശീര്‍ഷ വരുമാനമാകട്ടെ 34,858 ഡോളറുമാണ്. എട്ടുവര്‍ഷമാണ് സ്കൂള്‍ അധ്യയനത്തിന്‍െറ ശരാശരി കാലം. മാനുഷികശേഷിയുടെ വികസനം എല്ലാ അറബ് രാഷ്ട്രങ്ങളിലും മുന്നോട്ടുള്ള പാതയിലാണെങ്കിലും യുവാക്കളിലെ വര്‍ധിച്ച തൊഴിലില്ലായ്മയും കുറഞ്ഞ വനിതാ ജോലിക്കാരും ഈ രാഷ്ട്രങ്ങളിലാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 29 ശതമാനമാണ് അറബ് രാഷ്ട്രങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്. വിദ്യാഭ്യാസമുള്ളവര്‍ക്ക് മേഖലയില്‍ പലയിടത്തും കുറഞ്ഞ തൊഴില്‍ അവസരം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.