പത്തനംതിട്ട ജില്ലയിലെ നിർദിഷ്ട ശബരിമല എയർപോർട്ട് അടൂർ താലൂക്കിലെ കൊടുമണ്ണിൽ നിർമിക്കണം. പ്ലാന്റേഷൻ കോർപറേഷൻ നിയന്ത്രണത്തിലുള്ള 1200 ഹെക്ടറുള്ള സർക്കാർ സ്ഥലത്ത് സിയാൽ മോഡലിൽ എയർപോർട്ട് തുടങ്ങാൻ നിരവധി പ്രവാസികളും സംഘടനകളും മുന്നോട്ടുവന്ന് കൊടുമൺ ശബരി എയർപോർട്ട് ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സർക്കാറിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഈ പദ്ധതി നടപ്പാക്കാൻ കഴിയുന്ന അനുകൂല സാഹചര്യങ്ങളാണ് നിലവിലുള്ളത്. കൊടുമണ്ണിനെ സംബന്ധിച്ച് ഒരു പരിസ്ഥിതി വിഷയങ്ങൾ ഇല്ലാത്തതും വനമേഖലയുമായി ഒരു ബന്ധവുമില്ലാത്തതിനാൽ വന്യജീവി ശല്യമോ ഒന്നും ഭയക്കേണ്ട കാര്യമില്ല. എയർപോർട്ടിന്റെ നിർമാണ സമയത്ത് 8000 ത്തോളം പേർക്ക് ജോലി ലഭിക്കും.
പൂർത്തീകരിച്ചു കഴിഞ്ഞാൽ സ്ഥിരമായി 600ലധികം പേർക്ക് ജോലി ലഭിക്കും. ജില്ലയിൽ എയർപോർട്ട് വരുന്നതോടെ ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം തുടങ്ങിയ സമീപ ജില്ലക്കാർക്കും എയർപോർട്ട് യാത്രാസൗകര്യം മെച്ചപ്പെടുത്താൻ കഴിയും.
പത്തനംതിട്ടയിലെ മാരാമൺ കൺവെൻഷന് പങ്കെടുക്കാനെത്തുന്ന മറ്റ് സംസ്ഥാന വിദേശികൾ, പ്രവാസികൾ തുടങ്ങിയവർക്ക് പുതിയ എയർ പോർട്ട് ഒരു അനുഗ്രഹമാകുന്നതിൽ തർക്കമില്ല. ഗൾഫ്, അമേരിക്ക, യൂറോപ്പ് മറ്റ് വിദേശരാജ്യങ്ങളിൽ ജോലിയും ബിസിനസ് ചെയ്യുന്നവരും വിദേശത്ത് പഠിക്കാൻ പോകുന്നവരും നിരവധിയുള്ള ജില്ലയാണ് പത്തനംതിട്ട.
നിലവിൽ ഈ ജില്ലക്കാർ വിമാനയാത്രക്ക് ആശ്രയിക്കുന്നത് തിരുവനന്തപുരം, കൊച്ചി എയർപോർട്ടുകളെയാണ്. ഈ രണ്ടിടത്തേക്കും മണിക്കൂറുകൾ നീണ്ട യാത്ര, ഗതാഗതകുരുക്ക് താണ്ടി എയർപോർട്ടിൽ എത്തുമ്പോഴേക്കും ക്ഷീണിച്ച് ഒരു പരുവമായിരിക്കും.
ഇത്തരം ദുരിത യാത്രക്ക് അറുതക്യുണ്ടാകണമെങ്കിൽ പത്തനംതിട്ടയിലെ ശബരി എയർപോർട്ട് കൊടുമണ്ണിൽതന്നെ വരാൻ വേണ്ട നടപടികൾ ഉത്തരവാദപ്പെട്ടവർ ഉടൻ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും മറ്റ് അഭ്യുദയകാംക്ഷികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.