മഞ്ഞലയില്‍ മുങ്ങിയ ധനുമാസ  ചന്ദ്രികയില്‍  മധുരമെന്‍ മലയാളം

മസ്കത്ത്: മലയാളത്തിന്‍െറ ഭാവഗായകന്‍  ജയചന്ദ്രന്‍െറ ശബ്ദമാധുരി ധനുമാസക്കുളിരില്‍ നിറഞ്ഞ സദസ്സിലേക്ക് പെയ്തിറങ്ങി. പാട്ടിന്‍െറ വഴിയില്‍ അമ്പതാണ്ടിന്‍െറ ചെറുപ്പത്തോടെ, പ്രസരിപ്പോടെ പ്രിയ ഗായകന്‍ അരങ്ങിലത്തെിയപ്പോള്‍ ഒമാനിലെ ആകാശത്ത് ധനുമാസ ചന്ദ്രനും ആതിരനിലാവുമായി കൂട്ടുണ്ടായിരുന്നു. ജയചന്ദ്രന്‍െറ ഗാനയാത്രയുടെ 50ാം വാര്‍ഷികാഘോഷം കൂടിയായി ‘മധുരമെന്‍ മലയാളം’ മാറി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട  ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...’ മുതല്‍  എന്ന് നിന്‍െറ മൊയ്തീനിലെ ‘ശാരദാംബര’വും ഏറ്റവും പുതിയ ചിത്രമായ  സു സു സുധീ വാല്‍മീകത്തിലെ ‘എന്‍െറ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞ...’ വരെ  ഒരു ഗാനവിരുന്ന് തന്നെ മസ്കത്തിനു ലഭിച്ചു. ചിത്രത്തില്‍ ഇല്ലാത്ത വരികളായ ‘വേദന തന്നോടക്കുഴലില്‍ പാടിപ്പാടി ഞാന്‍ നടന്നു... മൂടുപടം മാറ്റി വരൂ നീ രാജകുമാരീ’ എന്ന വരികളും ജയചന്ദ്രന്‍െറ ഭാവാര്‍ദ്രമായ ശബ്ദത്തില്‍ മസ്കത്തിന് ലഭിച്ചു. പാട്ടുകളുടെ സഹയാത്രികനായി, ഗുരുവായൂരപ്പ ഭക്തനായി തുടരുമ്പോഴും ഇരുപതോളം വര്‍ഷമായി സിനിമ പൂര്‍ണമായി കണ്ടിട്ട് എന്നദ്ദേഹം ഓര്‍മിച്ചു.
ചെമ്മീന്‍, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളുടെ തിരക്കഥാബലം ഇന്നത്തെ സിനിമകള്‍ക്ക് ഇല്ലാതെപോയി. ഷീലയെയും ശാരദയെയും പോലെ കരുത്തുറ്റ അഭിനേത്രികള്‍ സംഭവിക്കാത്തതും തിരക്കഥയുടെ ബലക്കുറവുകൊണ്ടാണ്. കന്മദവും കണ്ണെഴുതി പൊട്ടും തൊട്ടും തന്ന മഞ്ജു വാര്യരില്‍ ഇനിയുമൊരു കരുത്തുറ്റ അഭിനേത്രി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളിയുടെ ഗാനശേഖരത്തിലെ ഒഴിച്ചുകൂടാനാവാത്ത പാട്ടുകളായ ‘കരിമുകില്‍ കാട്ടിലെ’യും ‘സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പ’വും ‘റംസാനിലെ ചന്ദ്രിക’യും പ്രിയ ഗായകനില്‍നിന്ന് തന്നെ കേള്‍ക്കാനായത് മസ്കത്ത് മലയാളികള്‍ക്ക് മികച്ച അനുഭവമായി. ജയചന്ദ്ര ഗാനങ്ങള്‍ കോര്‍ത്തെടുത്ത് രൂപ രേവതി വയലിനില്‍ അവതരിപ്പിച്ച ഗാനാഞ്ജലി സദസ്സിന് അപൂര്‍വ അനുഭവമായി. ജയചന്ദ്രനൊപ്പം രണ്ടാം തലമുറയിലെ ഗായകരായ രാജലക്ഷ്മി, അഭിരാമി, രൂപ രേവതി, ദേവാനന്ദ്, കബീര്‍, നിഷാദ് എന്നിവരും വേദിയില്‍ അണിനിരന്നു. പിഷാരടിയും കെ.പി.എ.സി ലളിതയും മഞ്ജു പിള്ളയും സംഘവും ചേര്‍ന്നൊരുക്കിയ ഹാസ്യ പരിപാടിയും കൂടി ചേര്‍ന്നപ്പോള്‍ മസ്കത്തിനിത് ഗള്‍ഫ് മാധ്യമത്തിന്‍െറ ക്രിസ്മസ് സമ്മാനമായി. ഭാഷ എന്നത് കേവലം അക്ഷരങ്ങള്‍ മാത്രമല്ല, മറിച്ച് അത് വെളിവാക്കുന്നത് നാടിന്‍െറ സാംസ്കാരിക മൂല്യം കൂടിയാണെന്ന് സദസ്സിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഹാസ്യപരിപാടി. ചലച്ചിത്ര നടന്‍ ശരത്തും ഐശ്വര്യയുമായിരുന്നു അവതാരകര്‍. നാലുമണിക്കൂര്‍ നീണ്ട സംഗീത-ഹാസ്യ പരിപാടിക്കൊടുവില്‍ അക്ഷരാര്‍ഥത്തില്‍ മലയാള മധുരം കിനിയുന്ന മനസ്സോടെയാണ് കാണികള്‍ ആംഫി തിയറ്റര്‍ വിട്ടത്. പരിപാടിക്കിടെ ഉമ്മന്‍ചാണ്ടി,വി.എസ് അച്യതാനന്ദന്‍, നടന്‍ മോഹന്‍ലാല്‍, ഇന്നസെന്‍റ് തുടങ്ങിയവരുടെ വീഡിയോ സന്ദേശങ്ങളും കാണികള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT