നിര്‍മാണ മേഖല : സ്വദേശികളെ ആകര്‍ഷിക്കാന്‍  പദ്ധതിയുമായി ഒമാൻ സര്‍ക്കാര്‍

മസ്കത്ത്: നിര്‍മാണ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍. ഇതിന്‍െറ ആദ്യപടിയായി നിര്‍മാണ കമ്പനികള്‍ക്കായുള്ള വ്യവസ്ഥകള്‍ പരിഷ്കരിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയമപ്രകാരം ക്രമപ്പെടുത്തുന്നതിന് ഒപ്പം അനധികൃത ഇടപാടുകളും രേഖകളിലെ കൃത്രിമത്വം തടയലുമാണ് നിയമ പരിഷ്കരണത്തിന്‍െറ ലക്ഷ്യമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
പരിഷ്കരിച്ച നിയമപ്രകാരം നിര്‍മാണ കമ്പനിയുടെ മൂലധനം 25,000 റിയാലില്‍ കുറയരുത്. ഓഹരിയുടമകളില്‍ ഒരാള്‍ കമ്പനിയുടെ നടത്തിപ്പ് കാര്യങ്ങളില്‍ ചുമതലപ്പെട്ടയാളാകണം. ഓഹരിയുടമകള്‍ കമ്പനി നടത്തിപ്പുമായി ബന്ധപ്പെടാത്തവരാണെങ്കില്‍ സ്വദേശി മാനേജറെ നിയമിക്കണം. പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. കമ്പനിക്കായി പ്രത്യേക കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. നിര്‍മാണ മേഖലയില്‍ മാത്രമാകണം കമ്പനിയുടെ പ്രവര്‍ത്തനം. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരം കമ്പനിയുടെ പ്രവര്‍ത്തനമേഖലയായി ചേര്‍ക്കുകയും ചെയ്യാം.  കമ്പനിക്ക് ആസ്ഥാനം നിര്‍ബന്ധമാണ്. നിര്‍മാണ കരാറുകളുമായി ബന്ധപ്പെട്ടതും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടതുമായ രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. 
കമ്പനി നടത്തിപ്പില്‍ അര്‍പ്പണബോധത്തോടെ ചുമതല നിര്‍വഹിക്കാന്‍ താല്‍പര്യമുള്ള ഒമാനി സംരംഭകര്‍ക്ക് വിവിധ അവസരങ്ങള്‍ പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. ഇതുവഴി സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങളും ലഭ്യമാകും. നിലവില്‍ ഒമാനിലെ പ്രവാസികളില്‍ 44 ശതമാനവും നിര്‍മാണ മേഖലയിലാണ് തൊഴിലെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 6,83,273 വിദേശ തൊഴിലാളികളാണ് നിര്‍മാണ മേഖലയിലുള്ളത്. കഴിഞ്ഞ മേയ് അവസാനത്തേക്കാള്‍ 22,303 തൊഴിലാളികള്‍ അധികം. എട്ടു ശതമാനം മാത്രമാണ് ഈ മേഖലയിലെ സ്വദേശിവത്കരണ നിരക്ക്. സമാന കാലയളവില്‍ നിര്‍മാണമേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം 58,731ല്‍ നിന്ന് 56,265 ആയി കുറഞ്ഞു. 0.6 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. മൂന്നു ലക്ഷത്തോളം പ്രവാസികള്‍ ജോലി ചെയ്യുന്ന മൂന്ന്, നാല് ഗ്രേഡ് കമ്പനികളില്‍ 0.9 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. 
സ്വദേശികളില്‍ ഭൂരിപക്ഷവും ഓഫിസ് ജോലിക്കാരാണ്. പുറം ജോലി ചെയ്യുന്നവര്‍ ഇല്ല എന്നുതന്നെ പറയാം. നിര്‍മാണ കമ്പനികളിലെ സ്വദേശിവത്കരണത്തോത് ഉയര്‍ത്തുന്നതിനായി  ഈ മേഖലയില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പല കമ്പനികളും പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.