പാര്‍ക്കിങ് ഫീസിന് ഇനി  ചില്ലറ തപ്പി നടക്കേണ്ട...

 

മസ്കത്ത്: നഗരസഭയുടെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനമിടുന്നവരുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ചില്ലറ കൊണ്ടുനടക്കണമെന്നത്. വാഹന ഉടമകളുടെ സൗകര്യാര്‍ഥം കറന്‍സി നോട്ടുകളും സ്മാര്‍ട്ട് കാര്‍ഡുകളും ഉപയോഗിക്കാന്‍ കഴിയുന്ന പാര്‍ക്കിങ് മീറ്ററുകള്‍ സ്ഥാപിച്ചുവരുകയാണ് മസ്കത്ത് നഗരസഭ. 
നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുതിയ മീറ്ററുകള്‍ സ്ഥാപിച്ചുവരുകയാണെന്ന് നഗരസഭയുടെ റവന്യൂ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹമെദ് സാലെം അല്‍ റസ്ബി പറഞ്ഞു. ഘട്ടംഘട്ടമായി നഗരത്തിന്‍െറ എല്ലാ ഭാഗത്തും പുതിയ മീറ്ററുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ് ഫീസ് കറന്‍സി നോട്ടായും ഇടാമെന്നത് വാഹന ഉടമകളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് അല്‍ റസ്ബി പറഞ്ഞു. സ്മാര്‍ട്ട് കാര്‍ഡുകളാകട്ടെ  നഗരസഭാ ഓഫിസില്‍നിന്നാണ് ലഭിക്കുക. ഒന്ന്, അഞ്ച്, 10, 20 റിയാല്‍ എന്നിങ്ങനെ ഈ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും നഗരസഭയിലെ കാര്‍ പാര്‍ക്കിങ് മീറ്റര്‍ വിഭാഗം മേധാവി ഖാലിദ് അല്‍ ഹസ്നി പറഞ്ഞു. സൗരോര്‍ജം ഉപയോഗിച്ചുള്ള മീറ്ററുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനും സൗകര്യമുണ്ടാകുമെങ്കിലും ഇത് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കില്ല. വാദി കബീര്‍, സീബ് സൂഖ്, അല്‍ ഖൂദ് എന്നിവിടങ്ങളിലാകും പുതിയ മീറ്ററുകള്‍ ആദ്യം സ്ഥാപിക്കുക. പെയ്ഡ് പാര്‍ക്കിങ് ആക്കി മാറ്റാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇവ സ്ഥാപിക്കും. പണം നല്‍കേണ്ടതില്ലാത്ത പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഏറെ സമയം വാഹനം പാര്‍ക്ക് ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതുമൂലം ആ ചുറ്റുപാടുകളിലെ വാണിജ്യസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് സ്ഥലം കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. 
പുതിയ മീറ്റര്‍ വരുന്നതോടെ ഈ അവസ്ഥകള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അല്‍ ഹസ്നി പറഞ്ഞു. ബ്രിട്ടന്‍ കേന്ദ്രമായ മെട്രിക് ഗ്രൂപ്പാണ് പുതിയ പാര്‍ക്കിങ് മീറ്ററുകളുടെ നിര്‍മാതാക്കള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.