മസ്കത്ത്: ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ട് ‘കാർഷിക നഗരങ്ങ’ളുമായി ഒമാൻ. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഹൈഡ്രോപോണിക്സ്, എയറോപോണിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലൂടെ കാർഷികരീതികളിൽ വിപ്ലവം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. തന്ത്രപ്രധാന സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും സുസ്ഥിരമായ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെയും, പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഭക്ഷ്യസുരക്ഷ ഉയർത്താനുമാണ് ഉദ്ദേശിക്കുന്നത്.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്ത്, ദാഹിറ ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിലെ നജ്ദ് മേഖല എന്നിങ്ങനെ മൂന്ന് സാധ്യതയുള്ള സ്ഥലങ്ങൾ പദ്ധതികൾക്കായി കണ്ടെത്തിയിട്ടുണ്ടെന്ന് കാർഷിക നഗരങ്ങളുടെ പ്രോജക്ട് ഡയറക്ടർ എൻജിനീയർ സൗദ് ബിൻ അലി അൽ ഫാർസി പറഞ്ഞു. ജലലഭ്യത, കാലാവസ്ഥ സാഹചര്യങ്ങൾ, കാർഷിക ഉൽപന്നങ്ങൾക്ക് കാര്യക്ഷമമായ ഗതാഗതം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. സഹം, നജ്ദ് എന്നീ രണ്ട് സ്ഥലങ്ങൾ പദ്ധതിയുടെ ആദ്യ ഘട്ട വികസനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഹമിന് സുർബാന ജുറോങ് കമ്പനിയെയും നജ്ദിനായി ദാർ അൽ ഹന്ദസ കമ്പനിയെയും വിശദപദ്ധതികൾ തയാറാക്കാൻ ചുമതലപ്പെടുത്തി.
സംഘർഷങ്ങളും കാലാവസ്ഥ പ്രതിസന്ധികളും ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിൽ ഭക്ഷ്യ വിഭവങ്ങൾ സുരക്ഷിതമാക്കുന്ന പദ്ധതിക്ക് വളരെ അധികം പ്രധാന്യമുണ്ടെന്ന് വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി പറഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.