അപൂര്‍വ മാനിനെയും പക്ഷികളെയും  വേട്ടയാടിയ ഏഴുപേര്‍ പിടിയില്‍

മസ്കത്ത്: അപൂര്‍വ മാന്‍ വര്‍ഗമായ അറേബ്യന്‍ ഗസെല്ളെയെയും പക്ഷികളെയും വേട്ടയാടിയ ഏഴംഗ സംഘത്തെ പിടികൂടി. ഇബ്രി പ്രവിശ്യയിലെ കിബായ്ഷാത്തില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ഇവര്‍ പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും പിടിയില്‍ അകപ്പെട്ടത്. പിടിയിലായവരില്‍ ആറ് പേര്‍ അയല്‍രാജ്യത്ത് നിന്നുള്ളവരും ഒരാള്‍ ഒമാനിയുമാണ്. 
വാഹനത്തില്‍ നിന്ന് രണ്ട് ഫാല്‍ക്കണുകളെയും പക്ഷികളുടെ ജഡങ്ങളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് നാലുപേര്‍ പിടിയിലായത്. 
കിബായ്ഷാത്തില്‍ നിന്ന് അറേബ്യന്‍ ഗസെല്ളെയെ വേട്ടയാടാന്‍ ശ്രമിക്കവേയാണ് മറ്റു മൂന്നുപേര്‍ പിടിയിലായത്. വേട്ടക്കുപയോഗിക്കുന്നതും ലൈസന്‍സില്ലാത്തതുമായി പരമ്പരാഗത തോക്കുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു.  ഇവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 
അറേബ്യന്‍ ഗസെല്ളെയെ ജീവനോടെയും അല്ലാതെയും രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. വന്‍തുകയാണ് ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുക. വേട്ടയും മൃഗങ്ങളെ കടത്തുകയും ചെയ്യുന്നവര്‍ക്ക് 1000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ഒമാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്. അനധികൃതമായി തോക്കുകള്‍ കൈവശം വെക്കുന്നവര്‍ക്ക് ആയുധനിയമപ്രകാരം കുറഞ്ഞത് ഒരു വര്‍ഷം തടവും 500 റിയാല്‍ പിഴയും ചുമത്താനിടയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.