അവാര്‍ഡ് കമ്മിറ്റിയില്‍ അന്യഭാഷാ പ്രതിഭകള്‍ക്ക്  സ്ഥാനം നല്‍കണം –എം. ജയചന്ദ്രന്‍

മസ്കത്ത്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ എന്നും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ഇതൊഴിവാക്കാന്‍ അന്യഭാഷകളിലെ പ്രതിഭകളെ ജൂറിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തിലെ അവാര്‍ഡ് നിര്‍ണയത്തിനും പ്രഖ്യാപനത്തിനും പോരായ്മകള്‍ ഏറെയുണ്ട്. ഇത് ഏറെ കാലമായി തുടരുന്നതാണ്. ജനം അംഗീകരിച്ച സിനിമക്ക് ജൂറി അംഗീകാരം നല്‍കാറില്ല. ജൂറി അംഗീകരിക്കുന്നവ ദേശീയതലത്തില്‍ പുറന്തള്ളപ്പെടുന്നു. ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയത്തിലും പോരായ്മകളും പരാതികളുമുണ്ടായിരുന്നു.  ജൂറി അംഗങ്ങളുടെ അഭിരുചി അനുസരിച്ചാണ് സിനിമകള്‍ക്ക് മാര്‍ക്കിടുന്നത്. ഇതിന് പല ഘടകങ്ങളുമുണ്ട്. അതിനാല്‍, നിലവാരമുള്ള സിനിമകളും ഗാനങ്ങളും പുറന്തള്ളപ്പെടുന്നു. ജൂറി അംഗങ്ങളെ നിശ്ചയിക്കുന്നതിലും പല പോരായ്മകളുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊന്നും ജൂറി അംഗമാകാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍, മുന്‍ സിനിമാക്കാരും നിലവില്‍ സിനിമാരംഗത്ത് ഇല്ലാത്തവരുമാണ് ജൂറിയിലത്തെുന്നത്. ഇവര്‍ക്ക് പുതിയ സിനിമയുടെ സ്പന്ദനങ്ങള്‍ അളക്കാനാവില്ല. അതിനാല്‍, ജൂറിയെ നിശ്ചയിക്കുന്ന രീതി മാറണമെന്നും  ‘കാത്തിരുന്നു...’ എന്ന പാട്ടിന് ദേശീയ അവാര്‍ഡ് ലഭിച്ചശേഷം ആദ്യമായി മസ്കത്തിലത്തെിയ ജയചന്ദ്രന്‍ മനസ്സ് തുറന്നു. ഒന്നോ രണ്ടോ മലയാളം അംഗങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ അന്യഭാഷയില്‍നിന്നുള്ള പ്രമുഖരാവണം. അന്യഭാഷയില്‍നിന്നുള്ള നടന്മാരെയും ജൂറിയില്‍ അംഗമാക്കാന്‍  കഴിയും. അരങ്ങിലുള്ളവര്‍ തന്നെ വിധികര്‍ത്താക്കളാവുന്നത് ഏറെ പ്രയോജനം ചെയ്യും. അന്യഭാഷയിലെ പ്രമുഖര്‍ വിലയിരുത്തുന്നത് മലയാള സിനിമക്കും ഗുണം ചെയ്യും. അവര്‍ക്ക് നിഷ്പക്ഷമായി സിനിമകളെയും പാട്ടുകളെയും വിലയിരുത്താനാവും. എന്നാല്‍, കേന്ദ്ര അവാര്‍ഡുകള്‍ കുറച്ചുകൂടി നിഷ്പക്ഷമാണ്. കേന്ദ്ര സിനിമാ അവാര്‍ഡ് നിര്‍ണയത്തിന് നിരവധി ഘട്ടങ്ങളിലെ വിലയിരുത്തലുകളുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. 
മലയാള സിനിമയിപ്പോള്‍ വളര്‍ച്ചയുടെ ഇടനാഴിയിലാണ്. ഇനി മലയാള സിനിമയുടെ വസന്തകാലമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തില്‍നിന്ന് ലോകനിലവാരമുള്ള സിനിമകള്‍ ഇറങ്ങും. ലോകം മലയാളത്തെ ഉറ്റു നോക്കുന്ന കാലം വരും. ഏറെ കഴിവുള്ളവര്‍ ഇപ്പോള്‍ മലയാള സിനിമാലോകത്തുണ്ട്. എല്ലാ മേഖലയിലും കഴിവുള്ളവര്‍ വളര്‍ന്നുവരുന്നു. സിനിമയെ ആവേശമായി കൊണ്ടുനടക്കുന്നവരും നിരവധിയാണ്. ഈ മേഖലയില്‍ പുതിയ ചിന്തകളും ആശയങ്ങളും വളരുന്നുണ്ട്. സിനിമാലോകത്ത് പല മേഖലയിലും മലയാളിയെ വെല്ലാന്‍ ആരുമില്ല. അത്രയേറെ കഴിവുള്ളവരാണ് മലയാളികള്‍. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. ഇവയില്‍ പലതും ഏറെ നിലവാരമുള്ളതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ അഭിനയിച്ച ഹ്രസ്വ സിനിമ ശ്രദ്ധിച്ചിരുന്നൂ. ആ സിനിമ അണിയിച്ചൊരുക്കാന്‍ ഏറെ പണിപ്പെട്ടിരുന്നു. യുവതലമുറയുടെ ആവേശത്തിന് തെളിവാണിത്. എല്ലാ വിഭാഗത്തിലെയും പ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കണം. മലയാളത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് മലയാള സിനിമയെ ലോകത്തോളം ഉയര്‍ത്തും. മലയാളത്തിലേക്ക് പ്രേക്ഷകരും തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഹിന്ദിയുടെയും തമിഴിന്‍െറയും പിന്നാലെപോയ പ്രേക്ഷകര്‍ മലയാളത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. തിയറ്ററുകളും നിറയാന്‍ തുടങ്ങിയിട്ടുണ്ട്. കഴിവുള്ളവര്‍ക്ക് അവസരം നല്‍കി മലയാള സിനിമയെ വളര്‍ത്താന്‍ നമുക്ക് കഴിയണം. സംഗീത റിയാലിറ്റി ഷോകളെ പ്രേക്ഷകര്‍ കൈവെടിയാന്‍ തുടങ്ങിയതായി ജയചന്ദ്രന്‍ പറഞ്ഞു. വേണ്ടപ്പെട്ട മാറ്റങ്ങള്‍ വരുത്തി റിയാലിറ്റി ഷോക്ക് പുതിയ ഭാവവും രൂപവും കണ്ടത്തെണം. സിംഹാസനത്തിലിരിക്കുന്ന ജഡ്ജിമാരുടെ കുട്ടികളോടുള്ള ക്രൂരമായ പെരുമാറ്റം പ്രേക്ഷകര്‍ക്ക് മടുത്തിരിക്കുന്നു. പാട്ടുകള്‍ തലനാരിഴ പരിശോധന നടത്തിയുള്ള ഉപദേശവും പേടിപ്പെടുത്തലും കുറെ കാലമായി പ്രേക്ഷകര്‍ സഹിക്കുന്നു. ഞാനും ഇത്തരം ഷോകളില്‍ വിധികര്‍ത്താവായിരുന്നു. ഈ കുട്ടികള്‍ പാടുന്നതിന്‍െറ 50 ശതമാനം നിലവാരത്തോടെ ഈ സ്റ്റേജില്‍ പാടാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു. ജഡ്ജിമാര്‍ ഇത്തരം പേടിപ്പിക്കലുകളില്‍നിന്ന് പിന്മാറണം. കല്ളെടുക്കുന്ന തുമ്പികളെ അംഗീകരിക്കാനും ആദരിക്കാനും കഴിയണം. അവരെ കൈപിടിച്ച് ഉയര്‍ത്താനും കെട്ടിപ്പിടിക്കാനും വിധികര്‍ത്താക്കള്‍ക്ക് കഴിയണം. കുറ്റപ്പെടുത്തലുകള്‍ക്ക് പകരം അനുഭവങ്ങള്‍ പങ്കുവെക്കുകയും ഞാനാണെങ്കില്‍ ഇങ്ങനെയാണ് പാടുകയെന്ന് പറഞ്ഞ് പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. ഏതായാലും സംഗീത റിയാലിറ്റി ഷോക്ക് പുതിയ രൂപവും ഭാവവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഒമാന്‍ അഞ്ചാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ജയചന്ദ്രന്‍ മസ്കത്തിലത്തെിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.