ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ  എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്

മസ്കത്ത്: ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. സന്ദര്‍ശകരുടെ കുറവ് ഹോട്ടലുകളുടെ വരുമാനമടക്കം വിവിധ മേഖലകളെ ബാധിച്ചതായും ടൂറിസം ഇന്‍ഡക്സ് റിപ്പോര്‍ട്ട് പറയുന്നു. 
ക്രൂയിസ് കപ്പല്‍ യാത്രക്കാരുടെ എണ്ണം ജൂണില്‍ 73 ശതമാനമാണ് കുറഞ്ഞത്. 
സന്ദര്‍ശകരുടെ എണ്ണത്തില്‍ ആകെ 19 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. ഹോട്ടല്‍ വരുമാനത്തില്‍ 36 ശതമാനത്തിന്‍െറ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 
ആഗോള സാമ്പത്തികപ്രശ്നങ്ങള്‍ക്ക് ഒപ്പം ഒമാന്‍െറ ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ സംഘര്‍ഷാവസ്ഥയും വിവിധ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അസ്ഥിരതാവസ്ഥയും യൂറോപ്പില്‍നിന്നുള്ള സന്ദര്‍ശകരെ അകറ്റി നിര്‍ത്തുകയാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡംഗം അഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു. സാമ്പത്തികമാന്ദ്യത്തിന്‍െറ സാഹചര്യത്തില്‍ സഞ്ചാരികള്‍ കുറയുന്നത് സ്വാഭാവികമാണ്. 
പുതിയ വാട്ടര്‍ ഫ്രന്‍ഡ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണം കുറച്ചെങ്കിലും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍ ഹൂത്തി പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ത്രി നക്ഷത്രം മുതല്‍ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളില്‍ ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ 6,58,793 പേരാണ് അതിഥികളായി എത്തിയത്. 8,86,35,000 റിയാലാണ് മൊത്തവരുമാനം. ജൂണില്‍ 62,81,000 റിയാലാണ് ഹോട്ടലുകളുടെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36.2 ശതമാനത്തിന്‍െറ കുറവാണ് ഹോട്ടലുകളുടെ വരുമാനത്തിലുണ്ടായത്. 
കഴിഞ്ഞവര്‍ഷം 62,643 പേര്‍ എത്തിയ സ്ഥാനത്ത് ഇക്കുറി 56,933 അതിഥികളാണ് എത്തിയത്. 1,23,000 പേരാണ് ജൂണില്‍ ഒമാന്‍ സന്ദര്‍ശിച്ചത്. 
കഴിഞ്ഞവര്‍ഷം ജൂണിനെ അപേക്ഷിച്ച് 19 ശതമാനം കുറവാണിത്. സന്ദര്‍ശകരില്‍ 31 ശതമാനവും ഗള്‍ഫ് സഹകരണ രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ്. മെയില്‍ ക്രൂയിസ് കപ്പലുകളില്‍ 6700 പേര്‍ എത്തിയപ്പോള്‍ ജൂണില്‍ അത് 2000മായി കുറഞ്ഞു. 
ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ 1.2 ദശലക്ഷം സന്ദര്‍ശകര്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോള്‍  26,71,000 പേര്‍ രാജ്യത്തുനിന്ന് പുറത്തുപോയി. 
ജി.സി.സി രാഷ്ട്രങ്ങളില്‍നിന്ന് 4,16,339 പേരത്തെിയപ്പോള്‍ ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. 1,35,349 പേരാണ് ഇന്ത്യയില്‍നിന്ന് എത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.