സലാലയില്‍ ഖരീഫ് സന്ദര്‍ശകരുടെ എണ്ണം ആറുലക്ഷം കവിഞ്ഞു

മസ്കത്ത്: സലാലയില്‍ ഖരീഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുതിപ്പ്. ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 28 വരെ കാലയളവില്‍ 6,04,990 ആളുകളാണ് സലാലയില്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.7 ശതമാനം അധിക സന്ദര്‍ശകരാണ് സലാലയില്‍ എത്തിയതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. സന്ദര്‍ശകരില്‍ 74 ശതമാനം പേരും ഒമാനില്‍നിന്നുള്ളവരാണ്. 4,47,713 ഒമാനികളാണ് ഇക്കാലയളവില്‍ ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമാനില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 21.6 ശതമാനമാണ് കൂടിയത്. യു.എ.ഇയില്‍നിന്നുള്ളവരാണ് രണ്ടാം സ്ഥാനത്ത്. 57,079 ആണ് യു.എ.ഇ നിവാസികളുടെ എണ്ണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.1 ശതമാനം അധിക സന്ദര്‍ശകരാണ് യു.എ.ഇയില്‍നിന്ന് സലാലയിലേക്ക് എത്തിയത്. 25,139 സന്ദര്‍ശകര്‍ എത്തിയ സൗദിയാണ് മൂന്നാം സ്ഥാനത്ത്. 39.5 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ധന. ബഹറൈനില്‍നിന്നുള്ള 5,981 പേരും കുവൈത്തില്‍നിന്നുള്ള 5,957 പേരും ഖത്തറില്‍നിന്നുള്ള 6,810 ആളുകളും സലാലയില്‍ എത്തി. മറ്റ് അറബ് രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് 12,833 സന്ദര്‍ശകര്‍. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള 4.7 ശതമാനം പേരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. 
23,220 പേരാണ് ഇന്ത്യയില്‍നിന്നത്തെിയത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് 2136 പേരും അമേരിക്കയില്‍നിന്ന് 810 പേരും സലാല സന്ദര്‍ശിക്കാന്‍ എത്തി. ജൂണ്‍ പതിനഞ്ച് വരെയുള്ള കണക്കനുസരിച്ച് 93,000 സന്ദര്‍ശകരാണ് ഖരീഫ് സീസണില്‍ വിമാനമാര്‍ഗം എത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.