നാലു വിഭാഗങ്ങളില്‍ വിസ  നിരോധനം കര്‍ശനമാക്കി

മസ്കത്ത്: ഒമാനില്‍ നാലു  മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിന്‍െറ കാലാവധി ദീര്‍ഘിപ്പിക്കുകയും നാലു മേഖലകളില്‍ വിസ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. കാര്‍പന്‍ററി വര്‍ക്ഷോപ്, അലൂമിനിയം വര്‍ക് ഷോപ്, മെറ്റല്‍ വര്‍ക് ഷോപ്, ബ്രിക്സ് ഫാക്ടറി എന്നിവിടങ്ങളില്‍ പുതുതായി വിസ നല്‍കുന്നതിന് നേരത്തേ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കി നടപ്പാക്കിയിരുന്നില്ല. 
2017 ജനുവരി ഒന്നുമുതല്‍ ജൂലൈ വരെ ഈ നാലുവിഭാഗത്തിലും വിസ അനുവദിക്കില്ല. എന്നാല്‍, നിലവില്‍ ഈ വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യമെങ്കില്‍ ഈ നാലു വിഭാഗത്തിലും ആറുമാസത്തിന് ശേഷം നിയന്ത്രണം എടുത്തുകളയാനും സാധ്യതയുണ്ട്. ഈ വിസകളില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം, മറ്റു നാലു വിഭാഗങ്ങളില്‍ നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം ആറുമാസത്തേക്ക് കൂടി തുടരും. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റെപ്രസന്‍േററ്റിവ്, നിര്‍മാണം, ശുചീകരണം എന്നീ മേഖലകളിലാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 
ഡിസംബര്‍ ഒന്നുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് ഇവയുടെ നിരോധനം തുടരുക. ഈ മേഖലയില്‍ ഏറെക്കാലമായി വിസ നിരോധനം നടപ്പിലുണ്ട്. കാലാവധി കഴിയുമ്പോള്‍ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. 
അതിനാല്‍, സമീപ ഭാവിയില്‍ ഇവയുടെ നിയന്ത്രണം നീക്കാന്‍ സാധ്യതയില്ളെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഫ്രീ വിസ സമ്പ്രദായം  പൂര്‍ണമായി നിര്‍ത്തലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. 
താല്‍ക്കാലിക ജോലിക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗം ഒമാന്‍ തൊഴില്‍നിയമം ലംഘിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. ഏതെങ്കിലും സ്പോണ്‍സറുടെ പേരില്‍ വിസ അടിച്ച് പുറത്തുപോയി ജോലിചെയ്യുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഇവര്‍ വിസ ഇനത്തില്‍ മാസംതോറും സ്പോണ്‍സര്‍ക്ക് നിശ്ചിത തുകയും നല്‍കുന്നുണ്ട്. 
ഫ്രീ വിസയിലുള്ളവര്‍ നിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്. ഹംരിയ്യ, റൂവി, അല്‍ ഖുബ്റ തുടങ്ങിയ മേഖലകളില്‍ ഈ വിഭാഗത്തില്‍പെട്ട ധാരാളം ജോലിക്കാരുണ്ട്. ചില നിര്‍മാണ കമ്പനികളും മറ്റും ഇവരെ താല്‍ക്കാലികമായി വാടകക്കെടുക്കാറുണ്ട്. 
നിര്‍മാണ കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍  കിട്ടുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സാഹചര്യത്തിലാണ് ഫ്രീ വിസക്കാരെന്നറിയപ്പെടുന്ന താല്‍ക്കാലിക ജോലിക്കാരെ വാടകക്കെടുക്കുന്നത്. ദിവസക്കൂലിക്കായിരിക്കും ഇവര്‍ ജോലി എടുക്കുന്നത്. കമ്പനികള്‍ക്ക് വലിയ ബാധ്യതയില്ലാത്തതിനാല്‍ നിരവധി കമ്പനികള്‍ ഈ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍, ഈ സമ്പ്രദായം പൂര്‍ണമായി നിയന്ത്രിക്കാനാണ് തന്‍ഫീദ് മാനവ വിഭവശേഷി മാന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. 
കമ്പനികള്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ മാനവ വിഭവശേഷി മന്ത്രാലയം വഴി വിതരണം ചെയ്യണമെന്നും തന്‍ഫീദ് ആവശ്യപ്പെടുന്നു. പാകിസ്താന്‍ സ്വദേശികളും ബംഗ്ളാദേശികളുമാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത്. 
റൂവിയുടെ ചില ഭാഗങ്ങളിലും ഹംരിയ്യയിലും നൂറുകണക്കിന് പേരാണ് ഫ്രീ വിസയില്‍ ജോലിചെയ്ത് നിത്യജീവിതം കഴിയുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് 100 റിയാല്‍ പിഴയും ഒരു മാസം തടവും ലഭിക്കും. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.