സലാം എയര്‍ ഈവര്‍ഷാവസാനം സലാലയിലേക്ക് പറക്കും

മസ്കത്ത്: രാജ്യത്തിന്‍െറ വ്യോമയാന മേഖലയില്‍ പുതിയ നാഴികക്കലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ സര്‍വിസ് ആരംഭിക്കും. സലാലയിലേക്കായിരിക്കും ആദ്യ സര്‍വിസ്. മൂന്നു വിമാനങ്ങള്‍ വാടകക്കെടുത്തായിരിക്കും സര്‍വിസ് ആരംഭിക്കുകയെന്ന് സലാം എയറിന്‍െറ മാതൃകമ്പനിയായ മസ്കത്ത് നാഷനല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി സി.ഇ.ഒ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ യഹ്മദി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ വിഷയത്തില്‍ അന്തിമധാരണയില്‍ എത്താമെന്നാണ് കരുതുന്നത്. നിരവധി കമ്പനികള്‍ ഇതിന് താല്‍പര്യമെടുത്ത് മുന്നോട്ടുവന്നിട്ടുണ്ട്. ലൈസന്‍സിങ് സംബന്ധിച്ച നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. റൂട്ടുകള്‍ സംബന്ധിച്ച് ഒമാന്‍ എയറുമായും ചര്‍ച്ചകള്‍ നടക്കുന്നു. വിപണനശൃംഖലക്ക് ഒപ്പം വെബ്സൈറ്റും തയാറാക്കുന്ന ജോലികളും നടന്നുവരുന്നു. സെപ്റ്റംബറോടെ വെബ്സൈറ്റ് ആരംഭിക്കും. നിരവധി സ്വകാര്യകമ്പനികള്‍ സലാം എയറില്‍ നിക്ഷേപ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നുണ്ടെന്നും അല്‍ യഹ്മദി പറഞ്ഞു. സാങ്കേതിക സംവിധാനങ്ങളും പരിചയസമ്പന്നതയും പങ്കുവെക്കാമെന്ന വാഗ്ദാനങ്ങളുമുണ്ട്. നാല് ഒമാനി മാനേജര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് എയര്‍ലൈന്‍സ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് തുടക്കം കുറിച്ചത്. 2016 ജനുവരിയിലാണ് ഒമാന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ജോയന്‍റ് സ്റ്റോക് കമ്പനിയായ  മസ്കത്ത് നാഷനല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിക്ക് ബജറ്റ് എയര്‍ലൈന്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്. തുടര്‍ന്ന്,പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിനുശേഷമാണ് അറബിയില്‍ സമാധാനം എന്ന് അര്‍ഥംവരുന്ന സലാം എന്ന വാക്ക് തെരഞ്ഞെടുത്തത്. സലാം എയറിന്‍െറ വരവോടെ കുറഞ്ഞ ചെലവില്‍ യാത്രസാധ്യമാകുന്നത് കൂടുതല്‍പേരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കും. ഇത് വ്യോമയാന മേഖലക്കൊപ്പം സാമ്പത്തിക രംഗത്തെയും വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യോമയാന രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് ഒമാന്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. പുതിയ സലാല വിമാനത്താവളം കഴിഞ്ഞവര്‍ഷം തുറന്നിരുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്തവര്‍ഷം തുറക്കും. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ നിലവിലെ അന്താരാഷ്ട്ര വിമാനത്താവളം ബജറ്റ് എയര്‍ലൈനിനായി നീക്കിവെക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
 എന്നാല്‍, സലാല കേന്ദ്രമായി ബജറ്റ് എയര്‍ലൈന്‍ പ്രവര്‍ത്തിക്കണമെന്നാണ് ഒമാന്‍ എയര്‍പോര്‍ട്ട്സ് മാനേജ്മെന്‍റ് കമ്പനിയുടെ നിലപാട്. സലാല വിമാനത്താവളത്തിന്‍െറ വളര്‍ച്ചക്ക് ഇത് സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.