സലാല: പ്രകൃതിക്ക് എന്നും അവാച്യമായ ഒരു ആകര്‍ഷണശക്തിയുണ്ട്. തെളിനീരൊഴുകുന്ന അരുവിയും പച്ചപുതച്ച് തണല്‍വിരിച്ച മരങ്ങളും തഴുകിത്തലോടുന്ന ഇളംകാറ്റും ഉള്ള ഒരിടത്ത് എത്തിയാല്‍ ഉള്ളിലെ വിഷമങ്ങള്‍ക്കും വിഷാദങ്ങള്‍ക്കും എവിടെയാണ് സ്ഥാനം? ഒരായുഷ്കാലത്തിന്‍െറ മുഴുവന്‍ വിഷമതകളും മറന്ന് മുഖം പ്രസന്നമാവും. ഖരീഫിന്‍െറ മഴക്കുളിരില്‍ ഇത്തിരി നനഞ്ഞാണെങ്കിലും ചെറിയപെരുന്നാള്‍ അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളിലായി വാദി ദര്‍ബാത്തിലത്തെിയവരുടെ മുഖത്ത് ഈ സന്തോഷം കാണാമായിരുന്നു. ഇടക്ക് അലോസരമുണ്ടാക്കുന്ന കുഞ്ഞനീച്ചകള്‍പോലും ഈ മാസ്മര സൗന്ദര്യം ആസ്വദിക്കാനത്തെിയവര്‍ക്ക് തടസ്സമുണ്ടാക്കിയില്ല. ദോഫാര്‍ പ്രവിശ്യയിലെ താഖയില്‍നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വാദി ദര്‍ബാത്ത് എന്ന ഈ ഹരിതത്താഴ്വരയിലേക്ക് ഒരിക്കല്‍ പോകുന്നവര്‍ വീണ്ടും ഇങ്ങോട് ആകര്‍ഷിക്കപ്പെടും.
ഒരു മാസം മുമ്പ് വരണ്ടുണങ്ങിയ താഴ്വര ഇപ്പോള്‍ പച്ചപ്പിന്‍െറ പുതുചേലയണിഞ്ഞ് സുന്ദരിയായിരിക്കുന്നു. വഴിയിലുടനീളം ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിലൂടെ വാഹനത്തിന്‍െറ മേല്‍ക്കൂര നീക്കി കണ്ണും മെയ്യും മനസ്സും നിറച്ച് സഞ്ചാരികള്‍ വരിവരിയായി നീങ്ങുന്നത് കാണുമ്പോള്‍ ആദ്യമായത്തെുന്നവരുടെ ഉള്ളില്‍ മലപോലെ നിറയുന്ന ആകാംക്ഷ. കേട്ടും വായിച്ചുമറിഞ്ഞ വാദി ദര്‍ബാത്ത് കണ്‍കുളിര്‍ക്കെ കാണാനുള്ള ആകാംക്ഷ അവരുടെ കണ്ണുകളില്‍ വായിച്ചെടുക്കാം. ദോഫാര്‍ മലനിരകളിലെ ജബല്‍ സംഹാനിന്‍െറ താഴ്വാരമാണ് വാദി ദര്‍ബാത്ത്. ചുറ്റും മരങ്ങള്‍ നിറഞ്ഞ മലനിരകള്‍. ചെങ്കുത്തായിറങ്ങുന്ന മലയുടെ താഴ്വരയില്‍ ഒരു ചെറുപുഴപോലെ താഴ്വര. കാലികള്‍ മേയുന്ന പുല്‍മേടുകള്‍.
ചെറുതും വലുതുമായ, പേരറിയുന്നതും അറിയാത്തതുമായ തണല്‍ മരങ്ങളുടെ നീണ്ടനിര. മരങ്ങള്‍ക്ക് ചേലചുറ്റി വള്ളിപ്പടര്‍പ്പുകള്‍, പൂക്കാനും കായ്ക്കാനുമൊരുങ്ങുന്ന പുല്‍നാമ്പുകള്‍. പുല്‍നാമ്പുകളിലിരുന്നും ചാടിയും പറന്നും കളിക്കുന്ന തുമ്പികളും പുല്‍ചാടികളും, ചില്ലകളില്‍ കൂടൊരുക്കി പാട്ടുപാടി ഇണയെ കാത്തിരിക്കുന്ന തുന്നല്‍ക്കാരന്‍ പക്ഷികള്‍, പുതുമഴയില്‍ പൊടിയുന്ന ഈയാമ്പാറ്റകളെ കൊക്കിലൊതുക്കി പറക്കുന്ന ചെറുകിളികള്‍. ഇതുവരെ തലതാഴ്ത്തി കണ്‍പോളകള്‍ ഉയരാതെ ടച്ച്സ്ക്രീനില്‍ പരതിയവരുടെ കണ്ണുകള്‍ പോലും വിടരുമാറ് സുന്ദരമാണ് വാദി ദര്‍ബാത്തിലെ കാഴ്ചകള്‍. കാമറക്കണ്ണുകളുടെ ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത വിധം ഉയര്‍ന്ന് ഗാംഭീര്യത്തോടെ നില്‍ക്കുന്ന മലനിരകള്‍. അതെ, ഈ ഹരിതസൗന്ദര്യം കണ്‍നിറയെ കണ്ട് തന്നെ ആസ്വദിക്കണം. ഖരീഫ് മഴ തുടങ്ങുന്നതോടെ അതിഥികളായി എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനെന്നവണ്ണം ഇവിടെ മേഞ്ഞുനടന്നിരുന്ന ഒട്ടകക്കൂട്ടങ്ങളുമായി ഉടമകള്‍ മലയിറങ്ങും. ചന്നം പിന്നം പെയ്യുന്ന മഴയില്‍ മലനിരകള്‍ കുതിരുമ്പോള്‍ ഒട്ടകങ്ങള്‍ തെന്നിവീഴുന്നതൊഴിവാക്കാനാണിത്.
മഴമാറി മാനം തെളിയുമ്പോള്‍ കൂടുതല്‍ സമൃദ്ധിയോടെ ഇലച്ചാര്‍ത്തണിഞ്ഞ താഴ്വരയിലേക്ക് അവ ആര്‍ത്തുല്ലസിച്ച് കൂട്ടമായി തിരികെ വരും. മഴ കനക്കുന്നതോടെ താഴ്വര നിറയെ തെളിനീര്‍ നിറയും. സഞ്ചാരികള്‍ക്ക് ഉള്ളം കുളിര്‍ക്കും വരെ പെഡല്‍ ബോട്ടുകള്‍ ചവിട്ടി താഴ്വരയുടെ ശീതളിമ ആസ്വദിക്കാം. ഉണങ്ങിയെന്ന് തോന്നുന്ന രീതിയില്‍ ഉറങ്ങിയ ഇലന്തമരങ്ങളില്‍ വിരിയുന്ന മഞ്ഞകലര്‍ന്ന ഇളം പച്ച നാമ്പുകള്‍ കൂടുതല്‍ ഹരിതാഭമാവും.
കഴിഞ്ഞ വര്‍ഷം മണ്ണിലുറങ്ങിയ പേരറിയാത്ത അനവധി കാട്ടുവള്ളികളുടെ വിത്തുകള്‍ നാമ്പ് നീട്ടി മരങ്ങളില്‍ സ്വര്‍ണക്കരയുള്ള ഹരിതച്ചേല ചുറ്റുന്ന പോലെ പടര്‍ന്നുകയറും. പതിറ്റാണ്ടുകള്‍ പ്രായമുള്ള വാദി ദര്‍ബാത്തിലെ വന്‍പുളിമരം യൗവനയുക്തയായി പൂവും കായുമണിയും. സലാലയിലേക്ക് ഖരീഫ് കാലത്തത്തെുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് വാദി ദര്‍ബാത്ത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാര്‍ക്കിങ് സൗകര്യം.
സുരക്ഷയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സദാ ജാഗ്രത പുലര്‍ത്തുന്ന റോയല്‍ ഒമാന്‍ പൊലീസ്. ഉന്മേഷത്തിനും ഉണര്‍വിനും ചായയും കാപ്പിയും കഹ്വയും ഉള്‍പ്പെടെ ലഘുവിഭവങ്ങളും ജ്യൂസുകളും ഒരുക്കി ഫുഡ് സ്റ്റഫ് സ്റ്റോറുകള്‍, പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമൊരുക്കി മൊബൈല്‍ ടോയ്ലറ്റുകള്‍, ഗതാഗത തടസ്സമില്ലാതെ എത്തിച്ചേരാവുന്ന സുസജ്ജമായ റോഡുകളുമാണ് വാദി ദര്‍ബാത്തില്‍ ഉള്ളത്. അറിയുംതോറും ഭ്രമിപ്പിക്കുന്ന, കണ്‍കുളിര്‍ക്കെ കണ്ടാലും പിന്നെയും കാണാന്‍ കൊതിക്കുന്ന അഭൗമ സന്ദര്യമാണീ മലനിരകള്‍ക്ക്. മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ കണ്ട് ഒറ്റക്കും കൂട്ടായും മലനിരകള്‍ പശ്ചാത്തലമാക്കി എടുത്ത നൂറുകണക്കിന് സെല്‍ഫിചിത്രങ്ങളുമായും കാമറക്കണ്ണിലൂടെ കണ്ട അനര്‍ഘനിമിഷങ്ങളുമായിട്ടാണ് ഓരോ സഞ്ചാരികളും മലയിറങ്ങുക. ഇനിയും വരണം, ഒരിക്കല്‍കൂടി എന്ന് ഉള്ളില്‍ ഉറപ്പിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.