ഖരീഫ്: മാന്യമായ വസ്ത്രധാരണം  ഉറപ്പാക്കണമെന്ന് അധികൃതര്‍

മസ്കത്ത്: ഖരീഫ് കാലത്ത് സലാലയിലത്തെുന്ന സഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് വിനോദസഞ്ചാര മന്ത്രാലയത്തിന്‍െറയും ദോഫാര്‍ മുനിസിപ്പാലിറ്റിയുടെയും റോയല്‍ പൊലീസിന്‍െറയും സംയുക്തയോഗം ആവശ്യപ്പെട്ടു. 
ഖരീഫ് ഫെസ്റ്റിവല്‍ മൈതാനങ്ങള്‍, പ്രാദേശിക മാളുകള്‍, മസ്ജിദുകള്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സംസ്കാരത്തെ മാനിച്ചുള്ള വസ്ത്രധാരണം സഞ്ചാരികള്‍ ഉറപ്പാക്കണം. സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ തീരുമാനിച്ച സംയുക്ത ഖരീഫ് കമ്മിറ്റി യോഗം പൊതുസ്ഥലങ്ങളിലെ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കാന്‍ നടപടികളെടുക്കാനും തീരുമാനിച്ചു. 
സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ട സൗകര്യങ്ങളും സേവനങ്ങളും ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചതായി വിനോദസഞ്ചാര മന്ത്രാലയം വക്താവ് അറിയിച്ചു. വസ്ത്രധാരണത്തില്‍ പുതുതായി ഒന്നും നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല. നേരത്തേ നിലവിലുള്ള രീതിതന്നെയാണിത്. സ്ത്രീകള്‍ കഴുത്തുമുതല്‍ കാല്‍മുട്ട് വരെയുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പുരുഷന്മാര്‍ കാല്‍മുട്ടിന് താഴെ വരെ എത്തുന്ന ഷോര്‍ട്സും തോള്‍ വരെ മറയുന്ന വിധത്തിലുള്ള മേലുടുപ്പുകളും ധരിക്കണം. ഒറ്റക്ക് നടക്കുന്ന സഞ്ചാരികളെ പ്രത്യേകം നിരീക്ഷിക്കും. 
ഇവര്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. വിനോദത്തിനൊപ്പം സുരക്ഷയും ഭദ്രതയും ഉറപ്പാക്കുകയാണ് ദൗത്യമെന്നും വക്താവ് പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിലും സലാല ഗ്രാന്‍ഡ് മോസ്കിലും എത്തുന്ന സഞ്ചാരികള്‍ക്ക് കര്‍ശനമായ വസ്ത്ര കോഡ് ഏര്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. ശരിയായ രീതിയില്‍ അല്ലാതെ വസ്ത്രം ധരിച്ചത്തെുന്നവര്‍ക്ക് ധരിക്കാന്‍ വസ്ത്രം ഇവിടെ നല്‍കും. 
ഇതിന് ചെറിയ വാടക ചുമത്താനും സാധ്യതയുണ്ട്. ടൂര്‍ ഗൈഡുകള്‍, ഹോട്ടലുകളിലെ ഗ്രൗണ്ട് ഡ്യൂട്ടി ഓഫിസര്‍മാര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഡ്രസ് കോഡ് സംബന്ധിച്ച പരിശീലനം നല്‍കും. പ്രാദേശിക സംസ്കാരത്തെ മാനിക്കാത്തവിധത്തില്‍ വസ്ത്രം ധരിച്ചത്തെുന്നവരോട് മാന്യമായി അക്കാര്യം ഉണര്‍ത്തുകയാകും ഇവരുടെ ദൗത്യമെന്നും വക്താവ് പറഞ്ഞു. 
കഴിഞ്ഞ ജൂണ്‍ 21ന് സീസണ്‍ ആരംഭിച്ചത് മുതല്‍ ജൂലൈ 18 വരെ 1.27 ലക്ഷത്തിലധികം പേര്‍ സലാല സന്ദര്‍ശിച്ചെന്നാണ് കണക്കുകള്‍. ഒമാനില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമാണ് ഇതില്‍ ഏറിയ പങ്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.