മസ്കത്തില്‍ അടുത്തയാഴ്ച  മുതല്‍ ചൂട് കൂടുമെന്ന്  റിപ്പോര്‍ട്ട്

മസ്കത്ത്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മസ്കത്തില്‍ അനുഭവപ്പെടുന്ന സുഖമുള്ള കാലാവസ്ഥ നാളെ മുതല്‍ മാറിയേക്കുമെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അടുത്ത ബുധനാഴ്ച വരെ താപനിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതര്‍ പ്രതിനിധിയെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആകാനാണ് സാധ്യത. താപനിലയില്‍ മൂന്നുമുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാനിടയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 29 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ചൂടെന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ഉള്‍പ്രദേശങ്ങളില്‍ തീരപ്രദേശത്തേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാനിടയുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നെങ്കിലും മസ്കത്തില്‍ മഴ ലഭിച്ചിരുന്നില്ല. ഒരു ദിവസം മൂടികെട്ടിയിരുന്നെങ്കിലും മഴ കനിഞ്ഞില്ല. വെള്ളിയാഴ്ച 32 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കടുപ്പം കുറഞ്ഞ വെയിലും കാറ്റും നിമിത്തം വാരാന്ത്യത്തില്‍ കുടുംബങ്ങള്‍ കൂടുതലായി പാര്‍ക്കുകളിലും ബീച്ചുകളിലും എത്തി. ഈ വേനലില്‍ ഇതാദ്യമായാണ് താപനില 35 ഡിഗ്രിക്ക് താഴെ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റിടങ്ങളില്‍ പെയ്ത മഴയുടെ ഫലമാണ് മസ്കത്തില്‍ ചൂട് കുറഞ്ഞത്. ദോഫാര്‍ ഗവര്‍ണറേറ്റും സമീപത്തെ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും മൂടല്‍മഞ്ഞും ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖരീഫ് സീസണില്‍ ഇക്കുറി റെക്കോഡ് മഴയാണ് ദോഫാറില്‍ ലഭിച്ചത്. സീസണ്‍ തുടങ്ങിയ ജൂണ്‍ 21 മുതല്‍ ജൂലൈ 18 വരെ 48.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.