മസ്കത്ത്: ഒമാന്‍ ദേശീയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സുല്‍ത്താനേറ്റിന്‍െറ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന വിലമതിക്കാനാകാത്ത പൈതൃക വസ്തുക്കളുടെ അപൂര്‍വ ശേഖരം ഒരു കുടക്കീഴില്‍ ഒരുക്കിയ, പഴയ മസ്കത്തില്‍ അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്തായുള്ള മ്യൂസിയത്തില്‍ ആദ്യദിനത്തില്‍ സ്വദേശികളും വിദേശികളുമായി 500ലധികം സന്ദര്‍ശകരാണ് എത്തിയത്. ആദിമ മനുഷ്യര്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലാണ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുള്ള ഏറ്റവും പഴക്കമേറിയ വസ്തു. ഇതിന് 20 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
സുല്‍ത്താന്‍ ഖാബൂസ് അധികാരമേറിയപ്പോള്‍ ഉപയോഗിച്ച ആദ്യ സിംഹാസനമടക്കം ആധുനിക ഒമാന്‍െറ ചരിത്രം വരെ എത്തി നില്‍ക്കുന്ന ആറായിരത്തോളം വസ്തുക്കളാണ് സന്ദര്‍ശകര്‍ക്കായി ദേശീയ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലിന്‍െറ നിബന്ധനകള്‍ക്ക് അനുസരിച്ച് ഒരുക്കിയ മ്യൂസിയത്തിന് നിരവധി സവിശേഷതകളാണുള്ളതെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൈദ് ജമാല്‍ അല്‍ മൂസാവി പറഞ്ഞു.
അന്ധരായ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുംവിധം അറബിക് ബ്രെയ്ല്‍ ലിപി സംവിധാനം ഏര്‍പ്പെടുത്തിയ മിഡിലീസ്റ്റിലെ ആദ്യ മ്യൂസിയമാണിത്.
സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാല്‍ വീതമാകും പ്രവേശ ഫീസ്.
ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രണ്ടു റിയാലും വിദേശ സഞ്ചാരികള്‍ക്ക് അഞ്ചു റിയാലുമായിരിക്കും ഫീസ്. ഒറ്റക്കും കൂട്ടായും എത്തുന്ന 25 വയസ്സില്‍ താഴെയുള്ള എല്ലാ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ക്കും പ്രവേശം സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാകും പ്രവേശം. സെപ്റ്റംബര്‍ 30 വരെ ഈ നില തുടരും. ഒമ്പതുമണി മുതല്‍ മൂന്നുവരെയാകും പ്രവേശ സമയം. 2.30 വരെയായിരിക്കും ടിക്കറ്റ് വില്‍പന. സെപ്റ്റംബര്‍ 30ന് ശേഷം കൂടുതല്‍ ദിവസങ്ങളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അല്‍ മൂസാവി അറിയിച്ചു. കേന്ദ്രത്തിനോട് അനുബന്ധമായി പഠനകേന്ദ്രവും പൈതൃക സംരക്ഷണ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. നാലായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഭൂമിയും ജനങ്ങളും, കടല്‍ ചരിത്രം, ആയുധങ്ങളും പടച്ചട്ടകളും, നാഗരികതകളുടെ നിര്‍മിതി, പഴയ ജലസേചന സംവിധാനങ്ങള്‍, നാണയങ്ങള്‍, പുരാതന ചരിത്രം, ഒമാനും ലോകവും നവോത്ഥാനം, വിലമതിക്കാനാകാത്ത പൈതൃകം തുടങ്ങിയ വിഭാഗങ്ങളിലായി 14 പ്രദര്‍ശന ഹാളുകളാണ് ഉള്ളത്.
ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന യു.എച്ച്.ഡി തിയറ്ററും ഇവിടെയുണ്ടാകും. രാജ്യത്തെ നിലവിലുള്ള മ്യൂസിയങ്ങളുടെ നിയന്ത്രണം ഇനി ദേശീയ മ്യൂസിയത്തിനാകും. ആംഡ് ഫോഴ്സസ് മ്യൂസിയം, ബൈത്ത് അല്‍ ബരാന്ത മ്യൂസിയം, ബൈത്ത് അല്‍ സുബൈര്‍, ചില്‍ഡ്രന്‍സ് മ്യൂസിയം, ഇക്കോളജി ഒമാന്‍ സെന്‍റര്‍, കുന്തിരിക്ക മ്യൂസിയം, മാരിടൈം മ്യൂസിയം, മസ്കത്ത് ഗേറ്റ് മ്യൂസിയം, നാചുറല്‍ ഹിസ്റ്ററി മ്യൂസിയം, ഓള്‍ഡ് കാസില്‍ മ്യൂസിയം, ഒമാനി മ്യൂസിയം, ഒമാനി ഫ്രഞ്ച് മ്യൂസിയം, സൊഹാര്‍ ഫോര്‍ട്ട് മ്യൂസിയം, കടലാമ മ്യൂസിയം, കറന്‍സി മ്യൂസിയം എന്നിവയാണ് രാജ്യത്തുള്ള മറ്റ് മ്യൂസിയങ്ങള്‍.
ഇവിടെയെല്ലാമായി കഴിഞ്ഞവര്‍ഷം 2,53,252 സന്ദര്‍ശകരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.