മസ്കത്ത്: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്കാരത്തിന് പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. തിരക്കുമൂലം പല പള്ളികളിലും നമസ്കാരത്തിന്‍െറ നിര പുറത്തേക്കും നീണ്ടു. നമസ്കാരത്തിന് ഏറെ മുമ്പേ പല പള്ളികളുടെയും അകത്തളങ്ങള്‍ നിറഞ്ഞിരുന്നു. അത്യുഷ്ണം വകവെക്കാതെ പലരും പള്ളികള്‍ക്ക് പുറത്തെ മുറ്റത്തും റോഡിലുമൊക്കെയാണ് നമസ്കാരം നിര്‍വഹിച്ചത്. മനുഷ്യനെ പരിവര്‍ത്തിപ്പിക്കാനുള്ള പരിശീലനമാണ് നോമ്പിലൂടെ ദൈവം ലക്ഷ്യമിടുന്നതെന്ന് പള്ളികളില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു.
ശരീരത്തിലെ ഓരോ അവയവത്തെയും നിയന്ത്രിക്കാനാണ് നോമ്പ് നമ്മെ പഠിപ്പിക്കുന്നത്. ഈ പരിശീലനം തുടര്‍ന്നുള്ള ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം നോമ്പ് കേവലം പട്ടിണികിടക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുമെന്ന് ഇമാമുമാര്‍ ഉദ്ബോധിപ്പിച്ചു.
അവധി ദിവസമായിരുന്നതിനാല്‍ സംഘടനകളുടെയും മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങളും സജീവമായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരളവിഭാഗം ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, മാര്‍സ് ഇന്‍റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദ്, ഇന്ത്യന്‍ എംബസി പ്രതിനിധികളായ നീലു റോഹ്റ, അബ്ദുറഹീം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.