അമിതഭക്ഷണം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും

മസ്കത്ത്: റമദാന്‍ നോമ്പെടുക്കുന്നവര്‍ അമിതഭക്ഷണം ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കിംസ് ഒമാന്‍ ആശുപത്രിയിലെ ഡയറ്റ് കണ്‍സല്‍ട്ടന്‍റ് ജിഷി സെബി പറഞ്ഞു. സന്തുലിതമായ ഭക്ഷണരീതിയിലൂടെ മാത്രമേ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ കഴിയൂ. കഴിയുന്നതും ലഘുവായ ഭക്ഷണം മാത്രം കഴിക്കണം. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇറച്ചി, മത്സ്യം, പാലുല്‍പന്നങ്ങള്‍, കൊഴുപ്പ് എന്നിവ സന്തുലിതമായി അടങ്ങിയതായിരിക്കണം റമദാന്‍ മെനു. ഈത്തപ്പഴവും ജ്യൂസുമടങ്ങുന്ന പരമ്പരാഗത രീതിയാണ് നോമ്പുതുറക്കാന്‍ നല്ലത്.

നോമ്പുതുറക്കുമ്പോള്‍ ശരീരത്തിന്, പ്രത്യേകിച്ച് തലച്ചോറിനും ഞരമ്പുകള്‍ക്കും അത്യാവശ്യം വേണ്ടത് ഗ്ളൂക്കോസിന്‍െറ രൂപത്തിലുള്ള ഊര്‍ജമാണ്. ഈ സമയം വെള്ളം ധാരാളമായി കുടിക്കണം. ഈത്തപ്പഴം, പഞ്ചസാര ഇടാത്ത ജ്യൂസ്, വെള്ളം ധാരാളമായുള്ള പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നതും നല്ലതാണ്. ശരീരത്തിന് പഞ്ചസാരയുടെ രൂപത്തില്‍ ഊര്‍ജം നല്‍കുന്നതില്‍ പ്രധാനപ്പെട്ടതാണ് ഈത്തപ്പഴം. വിറ്റമിന്‍ എ, ബി 6, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും ഈത്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ മലബന്ധമുണ്ടാകാതിരിക്കാനും ഈത്തപ്പഴം സഹായിക്കും. ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് നിലനിര്‍ത്താനും ധാതുസന്തുലിതാവസ്ഥ നിലനിര്‍ത്താനും ജ്യൂസ് നല്ലതാണ്. ഇതിനുശേഷമാകണം ധാന്യാഹാരങ്ങള്‍ കഴിക്കേണ്ടത്. എണ്ണ പലഹാരങ്ങള്‍, എരിവ് കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. അസിഡിറ്റിയും വയര്‍ വീര്‍ക്കുന്നതുമടക്കം നോമ്പുകാലത്ത് പതിവായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്.

പച്ചക്കറി, തൈര്, മത്സ്യം, ചിക്കന്‍, കുറഞ്ഞ അളവില്‍ മാട്ടിറച്ചി തുടങ്ങിയവ അത്താഴത്തില്‍ ഉള്‍പ്പെടുത്തണം. അത്താഴം കഴിഞ്ഞ് അല്‍പം കഴിഞ്ഞുമാത്രമേ പഴവര്‍ഗങ്ങള്‍ പാടുള്ളൂ. ഇടയത്താഴം ഒഴിവാക്കരുത്. പതുക്കെ ദഹിക്കുന്നതും ഫൈബര്‍ ഉള്ളതുമായ ഗോതമ്പ്, ഓട്സ്, ഉപ്പിടാത്ത കശുവണ്ടി തുടങ്ങിയവയാണ് ഇടയത്താഴ സമയത്ത് കഴിക്കാന്‍ നല്ല ഭക്ഷണം. കടുത്ത ചൂടില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് അത്താഴത്തിനും ധാരാളം വെള്ളം കുടിച്ചിരിക്കണം. ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണം. ഇതുവഴി നോമ്പെടുക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന കുറയും. പുകവലി പൂര്‍ണമായും ഒഴിവാക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.