മഴ നിറഞ്ഞ റമദാന്‍ രാത്രിയിലെ സഹായഹസ്തം

പ്രവാസിയെ ആവര്‍ത്തിച്ചുണര്‍ത്തുകയും സ്വപ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട സംഗീതമാണ് മഴ. മണലാരണ്യത്തിലെ നീറുന്ന ഗൃഹാതുരതകള്‍ക്കിടയില്‍ നനുത്ത സ്പര്‍ശമായി മഴയെ അവര്‍ നെഞ്ചേറ്റുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു റമദാന്‍ രാവില്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട മഴയുടെ ‘സംഗീത’വുമാസ്വദിച്ച് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വാനില്‍ യാത്ര ചെയ്യുകയായിരുന്നു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയായിരുന്നു അത്. കൂടെ എന്‍െറ കുടുംബവും സുഹൃത്തും അയല്‍വാസിയുമായ ശശിയും കുടുംബവും ഉണ്ടായിരുന്നു. ബഹ്റൈനിലെ കൊടുംചൂടില്‍നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു ആ യാത്ര. അന്ന് ഇന്നത്തെപ്പോലെയുള്ള യാത്രാസൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളൊക്കെ മിക്കവാറും ആശ്രയിച്ചിരുന്നത് തിരുവനന്തപുരം വിമാനത്താവളത്തെയായിരുന്നു. ഗള്‍ഫുകാരന്‍െറ പെട്ടിക്കും പത്രാസിനുമൊക്കെ മതിപ്പുകല്‍പ്പിച്ചിരുന്ന ആ കാലത്ത് വീടണയാന്‍ തിടുക്കമേറെയായിരുന്നു. അതാണ് ട്രെയിനിന് കാത്തുനില്‍ക്കാതെ വാനും സംഘടിപ്പിച്ച് ഞങ്ങള്‍ യാത്ര പുറപ്പെട്ടതും. കൂടെ വിലപ്പെട്ട കുറേ പെട്ടികളും.

മിഥുനമാസത്തിലെ മഴയില്‍ അന്തരീക്ഷത്തിലെ ചെറിയ തണുപ്പുപോലും ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിത്തോന്നി. വാന്‍ കരുനാഗപ്പള്ളിയില്‍ എത്തിയപ്പോള്‍ ബ്രേക്ക്ഡൗണായി. സമയം അര്‍ധരാത്രിയോടടുത്തിരുന്നു. വിജനമായ റോഡ്. അടുത്തെങ്ങും ആരുമില്ല. തെരുവ് വിളക്കുകളൊന്നും നേരാംവണ്ണം പ്രകാശിക്കുന്നുണ്ടായിരുന്നില്ല. പോരാത്തതിന് മഴയുടെ ചാറ്റലും. അപരിചിതമായ സ്ഥലത്ത് പരിചയമില്ലാത്ത ഡ്രൈവറുടെ കൂടെ കുടുംബവും വിലപ്പെട്ട ബാഗേജുമൊക്കെയായി... എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഭയവും പ്രയാസവും ഞങ്ങളെ അലട്ടാന്‍ തുടങ്ങി. അതുവരെ ‘സംഗീത’വും മറ്റുമൊക്കെയായിരുന്ന മഴ ഞങ്ങള്‍ക്കൊരു ശല്യമായിത്തോന്നി. സമയം കുറച്ചുകൂടി നീങ്ങി. അപ്പോഴാണ് അടുത്തെങ്ങോ ഉള്ള പള്ളിയില്‍നിന്ന് തറാവീഹ് നമസ്കാരവും കഴിഞ്ഞ് ഇറങ്ങുകയായിരുന്ന കുറേ ചെറുപ്പക്കാര്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന ശശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ദൈവദൂതര്‍’.  അവര്‍ സഹായഹസ്തവുമായി ഞങ്ങള്‍ക്കൊപ്പം കൂടി.

തിരുവനന്തപുരത്തേക്ക് വിളിച്ച് മറ്റൊരു വാന്‍ ഏര്‍പ്പാടാക്കി. തിരുവനന്തപുരത്തുനിന്ന് വണ്ടിയത്തെി. മഴ നനയാതെ പെട്ടികളൊക്കെ മാറ്റിക്കയറ്റി ഞങ്ങളെ സമാധാനപൂര്‍വം യാത്രയാക്കുന്നതുവരെ അവരവിടെ കാവലിരുന്നു. അതിനിടയില്‍ സ്ത്രീകളും കുട്ടികളെയും അടുത്തുള്ള വീട്ടില്‍ കൊണ്ടാക്കി. അവര്‍ക്കവിടെ വിശ്രമിക്കാനും മറ്റും സൗകര്യം ചെയ്തുകൊടുത്തു. ആ വീട്ടുകാരുടെ സഹായവും വിലപ്പെട്ടതായിരുന്നു. അന്ന് ആ വീട്ടില്‍നിന്ന് കഴിച്ച ഉലുവക്കഞ്ഞിയുടെ സ്വാദ് പിന്നീടുള്ള ഓരോ നോമ്പുവേളകളിലും ഇവിടെ ഞങ്ങള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള വകയായി. ഒരു ലാഭേഛയുമില്ലാതെ, ആരാണെന്നുപോലുമറിയാത്ത ഞങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാവുക റമദാന്‍െറ ചൈതന്യം തന്നെയായിരിക്കണം.

സ്നേഹസാഹോദര്യവും കരുണയും ധര്‍മവുമൊക്കെ വ്യാപിപ്പിക്കാന്‍ റമദാന്‍ പോലെ സഹായകരമായ മറ്റൊരു മാസമുണ്ടോ? ആത്മീയവും മാനസികവും ശാരീരികവുമായ വിശുദ്ധിയുടെ നാളില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമങ്ങളെക്കുറിച്ചും അന്യമതസ്തരായ സുഹൃത്തുക്കള്‍ വാചാലമാകാറുണ്ട്. ശശി ഇപ്പോള്‍ ബഹ്റൈനില്‍ ഞങ്ങളുടെ അയല്‍വാസിയായില്ല. ശശിയുടെ മകന്‍െറ അപകടമരണം ആ കുടുംബത്തെയാകെ വല്ലാത്തൊരു മാനസികാവസ്ഥയിലത്തെിച്ചു. അവര്‍ ബഹ്റൈനോട് വിടപറഞ്ഞു. ഇന്നും നോമ്പോര്‍മകളില്‍ ആ യാത്രയും ആ കുഞ്ഞുപയ്യന്‍െറ കുസൃതിത്തരങ്ങളും മറക്കാനാവാതെ ഞങ്ങള്‍ക്കൊപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.