ഒമാനി ഫുട്ബാളര്‍ സ്പാനിഷ്  ലീഗില്‍ കളിക്കും

മസ്കത്ത്: സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഒമാനി താരമെന്ന ബഹുമതി അണ്ടര്‍ 23 ഒളിമ്പിക്ക് ടീമംഗം അസാന്‍ അല്‍ തംതാമിക്ക്. സ്പാനിഷ് ലീഗിലെ മുന്‍നിര ക്ളബായ ഡിപോര്‍ട്ടിവോ അലാവസുമായാണ് ഇദ്ദേഹം കരാര്‍ ഒപ്പിട്ടത്. യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ ഒമാനി താരമെന്ന ബഹുമതിയും തംതാനി സ്വന്തമാക്കി. ഇംഗ്ളീഷ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഒമാന്‍ ടീം ക്യാപ്റ്റന്‍ അലി അല്‍ ഹബ്സിയാണ് ഇപ്പോള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന താരം. അലി അല്‍ ഹബ്സിക്കും തംതാമിക്കുംപുറമെ യൂറോപ്യന്‍ ലീഗില്‍ കളിച്ചിട്ടുള്ള മൂന്നാമത്തെ താരം സ്റ്റാര്‍ സ്ട്രൈക്കര്‍ ഇമാദ് അല്‍ ഹൊസ്നിയാണ്. 2010ല്‍ ബെല്‍ജിയന്‍ ക്ളബായ ആര്‍.സി ചാര്‍ലെറോയിക്ക് വേണ്ടിയാണ് അല്‍ ഹൊസ്നി കളിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ടാംനിര ലീഗ് ടൂര്‍ണമെന്‍റായ സ്വിസ് ചലഞ്ച് ലീഗിനുവേണ്ടി കളിച്ചിരുന്ന അല്‍ തംതാമി കരാര്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്പാനിഷ് ക്ളബിലേക്ക് ചേക്കേറുന്നത്. വിങ്ങറായും മധ്യനിരയിലും കഴിവുതെളിയിച്ചിട്ടുള്ള തംതാമി രണ്ടുവര്‍ഷത്തെ കരാറാണ് ക്ളബുമായി ഒപ്പിട്ടിട്ടുള്ളതെന്ന് ഏജന്‍റായ ഇസാം അല്‍ ഷന്‍ഫരിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.