വിനോദസഞ്ചാര മേഖല: അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കും

മസ്കത്ത്: വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കുന്ന കര്‍മപദ്ധതി (ടൂറിസം സ്ട്രാറ്റജി 2040) പൂര്‍ത്തിയാകുന്നതോടെ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി. 
2040ഓടെ രാജ്യത്തിന്‍െറ വികസനത്തില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ ടൂറിസം നയം മൂലം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സ്വകാര്യമേഖലയെ ആശ്രയിച്ചാകും ഇതില്‍ ബഹുഭൂരിപക്ഷം പദ്ധതികളും നടപ്പാക്കുക. 
മൊത്തം 19 ശതകോടി റിയാലിന്‍െറ അധികനിക്ഷേപമാണ് ടൂറിസം നയം  പൂര്‍ണമാകുന്നതോടെ രാജ്യത്തിന് ലഭിക്കുക. ഇതില്‍ 12 ശതമാനം മാത്രമാണ് സര്‍ക്കാറിന്‍േറതായി ഉണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. 2040ഓടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ആറുമുതല്‍ പത്തുശതമാനം വരെ ടൂറിസം മേഖലയില്‍നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 
ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ എണ്ണം 1200 ആയി ഉയര്‍ത്തുകയും ചെയ്യും. മൂന്നു ഘട്ടമായിട്ടാകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം 2020 വരെയും രണ്ടാംഘട്ടം 2030വരെയുമാണ്. മൂന്നു ഘട്ടങ്ങളിലുമായി സന്ദര്‍ശകര്‍ക്ക് ഒമാന്‍െറ തനത് അനുഭവം പകര്‍ന്നുനല്‍കുന്ന മൂന്നു പദ്ധതികള്‍ വീതം പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 5,620 ഹോട്ടല്‍ മുറികള്‍ അധികമായി പൂര്‍ത്തീകരിക്കും. 
76,384 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രണ്ടാംഘട്ടത്തില്‍ 15,419 ഹോട്ടല്‍ മുറികള്‍ നിര്‍മിക്കുകയും 1,26,900 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 
മൂന്നാം ഘട്ടത്തില്‍ 29,596 ഹോട്ടല്‍ മുറികളാണ് അധികമായി ഉണ്ടാക്കുക.  2,42,990 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മൈത അല്‍ മഹ്റൂഖി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.