അറബിക്കടലില്‍ ന്യൂനമര്‍ദം  രൂപംകൊണ്ടതായി റിപ്പോര്‍ട്ട്

മസ്കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അറബിക്കടലിന് വടക്കുഭാഗത്തായാണ് ന്യൂനമര്‍ദം രൂപം കൊണ്ടതെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഒമാന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ ദൂരെയാണ് നിലവില്‍ ന്യൂനമര്‍ദത്തിന്‍െറ സ്ഥാനം. മണിക്കൂറില്‍ 37 മുതല്‍ 46 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റടിക്കുന്നത്. കാറ്റിന്‍െറ ശക്തിവര്‍ധിച്ച് ചുഴലിക്കൊടുങ്കാറ്റായി മാറാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഒമാന്‍തീരം ലക്ഷ്യമിട്ടാണ് മേഘങ്ങളുടെ സഞ്ചാരം. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴലഭിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ മൂന്നുമുതല്‍ നാലുമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാസന്ദേശത്തില്‍ പറയുന്നു. ഊഹാപോഹങ്ങളില്‍ കുടുങ്ങരുതെന്നും ദേശീയ ദുരന്തനിവാരണ മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 
സമുദ്രോപരിതലം ചൂടുപിടിച്ചതിനെ തുടര്‍ന്ന് അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതറും സ്ഥിരീകരിച്ചു. ചുഴലികാറ്റ് രൂപംകൊള്ളുന്ന പക്ഷം ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒമാന്‍ തീരത്ത് അടിക്കാനാണ് സാധ്യതയെന്ന് അക്യുവെതറിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനായ ജാക് നിക്കോള്‍സ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റടിക്കാനാണ് സാധ്യതയെന്നാണ് നിലവിലെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഈ മാസം 30ന് കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നാവിക വ്യോമസേനകളുടെ സംയുക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു. മണിക്കൂറില്‍ 81 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈ ആദ്യം രൂപംകൊണ്ട അശോഭ ചുഴലിക്കൊടുങ്കാറ്റ് ആശങ്ക പടര്‍ത്തിയിരുന്നു. തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന കാറ്റ് അവസാന നിമിഷം യമനിലേക്ക് വഴിമാറിപ്പോയി. തുടര്‍ന്ന്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ സൂര്‍ ഉള്‍പ്പെടെ ഭാഗത്ത് കനത്തമഴയാണ് ലഭിച്ചത്. അധികം വൈകാതെ ‘ചപല’ കൊടുങ്കാറ്റും ഒമാനെ ലക്ഷ്യമിട്ടത്തെിയിരുന്നെങ്കിലും യമന്‍ ഭാഗത്തേക്ക് വഴിമാറിപ്പോയി. വേനല്‍ക്കാലമായതോടെ അറബിക്കടലില്‍ കൊടുങ്കാറ്റുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.