മഴ : പലയിടത്തും വന്‍ നാശം

മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങള്‍ വ്യാഴാഴ്ചയും ശക്തമായ മഴയില്‍ കുതിര്‍ന്നു. എന്നാല്‍, മസ്കത്ത് അടക്കം ചിലയിടങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിച്ചെങ്കിലും ചെറിയ ചാറ്റല്‍മഴയാണ് ലഭിച്ചത്. ചില ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. സുമൈല്‍, വാദീ മുസഖ,  വാദീ റജീം, റുസ്താഖ്, ജബല്‍ അഖ്ദര്‍, ബര്‍കത്തുല്‍ മൗസ്, റുസ്താഖ്, അവാബി, ബര്‍ക, മുസന്ന, നഖല്‍, വാദീ മുആവില്‍ എന്നിവിടങ്ങളിലാണ് കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായത്. സൂര്‍, ഇബ്ര, സീബ്, മുദൈബി, ദിമ അ തഈന്‍, അല്‍ വാസില്‍, വാദീ ബനീ ഖാലിദ്, ഇബ്രി, സൊഹാര്‍, ലിവ, സുവൈഖ്, ഖാബൂറ, സഹം എന്നിവിടങ്ങളില്‍ ഇടത്തരം മഴയുമുണ്ടായി. അതിനിടെ, മേഘങ്ങള്‍ വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, തെക്കന്‍ ശര്‍ഖിയ എന്നിവിടങ്ങളിലേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ഭാഗങ്ങളില്‍ ശക്തമായ മഴക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
കനത്ത മഴയുണ്ടാവുമ്പോള്‍ വാദിയില്‍ ഇറങ്ങരുതെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പും ജാഗ്രതാനിര്‍ദേശങ്ങളും അവഗണിച്ചത് ഒഴുക്കില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു. ഒഴുക്കില്‍ പെട്ട് അഞ്ചുപേരാണ് വിവിധയിടങ്ങളില്‍ മരിച്ചത്. ശക്തമായ മഴയുണ്ടായിരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രം സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് 90 അപായവിളികള്‍ ലഭിച്ചിരുന്നു. ഇതില്‍ 60 ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ സഹായ അഭ്യര്‍ഥനകള്‍ ലഭിച്ചത് വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍നിന്നാണ്. ബുധനാഴ്ച അല്‍ ദാഖിറ ഗവര്‍ണറേറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തിയിരുന്നു. അതിനിടെ, ദാഖിലിയ്യ ഗവര്‍ണറേറ്റിലെ വാദി അല്‍ ഖൈലില്‍ വാദിയില്‍ ഒഴുക്കില്‍ കാണാതായയാളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു മണിക്കൂര്‍ തിരച്ചിലിനുശേഷമാണ് മൃതദേഹം കിട്ടിയത്. ബുറൈമിയിലെ വാദി ജിസിയില്‍ ഒഴുക്കില്‍പെട്ട യു.എ.ഇ സ്വദേശിയുടെ മൃതദേഹം കാറിനുള്ളില്‍ വ്യാഴാഴ്ച കണ്ടത്തെി. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ഷിനാസ്, സഹം, ഇബ്രി, മുദൈബി, നിസ്വ, നഖല്‍, സുമൈല്‍ എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. റോഡുകള്‍ക്കും മറ്റും കേടുപാടുകള്‍ പറ്റി. കൃഷിനാശവും മറ്റു സാമ്പത്തിക നഷ്ടവുമുണ്ടായി. മഴ ബുറൈമി പാര്‍ക്കിന് കേടുപാടുണ്ടാക്കി. 
 അറ്റകുറ്റപ്പണിക്കായി ബുറൈമി പാര്‍ക്ക് അടച്ചിട്ടു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ കുന്നുകൂടിയ മണ്ണും മറ്റും മാറ്റാനും കേടുപാടുകള്‍ മാറ്റാനും ജീവനക്കാര്‍ രാപ്പകലില്ലാതെ പരിശ്രമിക്കുന്നുണ്ട്. അതിനിടെ, ഒമാനിലെ ഡാമുകള്‍ പലതും നിറഞ്ഞുകവിഞ്ഞു. ഒമാനിലെ വലിയ ഡാമുകളിലൊന്നായ അല്‍ഖൂദ് ഡാം നിറഞ്ഞുകവിഞ്ഞതിനാല്‍ വ്യാഴാഴ്ച രാവിലെ രണ്ടു കൈവഴികള്‍ തുറന്നുവിട്ടു. മഴവെള്ളം വന്‍തോതില്‍ ഒഴുകിയത്തെിയതാണ് ഡാം നിറയാന്‍ കാരണം. 
അല്‍ഖൂദ്, മബേല, സീബ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഒരു പ്രശ്നവും അനുഭവപ്പെടില്ളെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ഖൂദ് ഡാമില്‍ എട്ടു ദശലക്ഷം ഘനമീറ്റര്‍ ജലമാണുള്ളത്. അല്‍ ദൈഖ ഡാമിലും 78 ദശലക്ഷം ഘന മീറ്റര്‍ ജലം സംഭരിക്കപ്പെട്ടു. മറ്റു ഡാമുകളിലും വന്‍തോതില്‍ ജലം ഒഴുകിയത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.