ഭൗമ ദിനാചരണം: ഒമാനിലും ഇന്ന് വിളക്കണയും

മസ്കത്ത്: ലോകത്തിലെ 130 രാജ്യങ്ങള്‍ക്കൊപ്പം സുല്‍ത്താനേറ്റ് ഓഫ് ഒമാനും ശനിയാഴ്ച ഭൗമ മണിക്കൂര്‍ ആചരിക്കും. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള യത്നത്തിന്‍െറ ഭാഗമായി ഒരു മണിക്കൂര്‍ വിളക്കണച്ചാണ് ലോക രാജ്യങ്ങള്‍ ശനിയാഴ്ച ഭൗമദിനം ആചരിക്കുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെയാണ് അനാവശ്യ വിളക്കുകള്‍ അണക്കുന്നത്. ഒമാന്‍ പരിസ്ഥിതി സൊസൈറ്റിയാണ് ഒമാനിലെ ഭൗമ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ സമയം അനാവശ്യ വിളക്കുകളും വൈദ്യുതി ഉപകരണങ്ങളും ഓഫ്ചെയ്്ത് രാജ്യം മുഴുവന്‍ പങ്കാളിത്തം വഹിക്കണമെന്ന് ഒമാനി പരിസ്ഥിതി സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ലമീസ് ദാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒമാനിലെ പ്രധാന കമ്പനികള്‍ വിളക്കുകളണച്ച് പരിപാടിയില്‍ പങ്കാളിത്തം വഹിക്കണമെന്നും അവരാവശ്യപ്പെട്ടു. ലോകത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാണ് ഈ വര്‍ഷത്തെ ഭൗമ ദിനാചരണത്തിലെ പ്രധാന വിഷയമെന്ന് അവര്‍ പറഞ്ഞു. ലോകം നേരിടുന്ന ഇത്തരം പ്രധാന വെല്ലുവിളികള്‍ക്ക് കാരണം പരിസ്ഥിതി തകരുന്നതാണ്. ഇതിനെതിരെ ലോക ജനതയെ ബോധവത്കരിക്കാനാണ് ഭൗമദിനം ആചരിക്കുന്നത്. വരും തലമുറക്കുവേണ്ടി ലോകത്തെ കാത്തുസംരക്ഷിക്കാനുള്ള എളിയ ശ്രമംകൂടിയാണിത്. ലോകരാജ്യങ്ങളിലെ 200 ദശലക്ഷം ജനങ്ങളാണ് ശനിയാഴ്ച വിളക്കണച്ച് ഭൗമദിനത്തില്‍ പങ്കാളിത്തം വഹിക്കുന്നത്. ഒമാനില്‍ ഈ വര്‍ഷം വിപുലമായ രീതിയില്‍ ഭൗമദിനം ആചരിക്കും. ഇതിന്‍െറ ഭാഗമായി കാമ്പയിന്‍ ഈ മാസം ഒന്നുമുതല്‍ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ പ്രധാന യൂനിവേഴ്സിറ്റികളും കോളജുകളും വിഷയ സംബന്ധമായി സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. ഒമാന്‍ പരിസ്ഥിതി സൊസൈറ്റിയാണ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒമാനിലെ പ്രധാന ആകര്‍ഷകങ്ങളായ റോയല്‍ ഒപേര ഹൗസും സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മസ്ജിദും ശനിയാഴ്ച ഒരുമണിക്കൂര്‍ വിളക്കണക്കും. 
ഈ രണ്ട് സ്ഥാപനങ്ങളും കഴിഞ്ഞവര്‍ഷവും വിളക്കണച്ച് ആഗോളദിനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ എല്‍. എന്‍.ജി, സെഹാര്‍ അലുമിനിയം, ടവല്‍ എന്‍ജിനീയറിങ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കാളികളാകും. മസ്കത്ത് ഹില്‍സ് ആന്‍ഡ് കണ്‍ട്രി ക്ളബ് എന്നിവയും ഭൗമദിനം ആചരിക്കും. ഒമാനിലെ പ്രധാന ഹോട്ടലുകള്‍ ഭൗമ ദിനാചരണം ആഘോഷമാക്കുന്നുണ്ട്. ഹോട്ടല്‍ മുറികളില്‍ വിളക്കുകള്‍ അണക്കുകയും മെഴുകുതിരി വെളിച്ചത്തില്‍ ഭക്ഷണം വിളമ്പുകയും ചെയ്താണ് ഭൗമദിനം ആഘോഷമാക്കുന്നത്. മസ്കത്ത് ക്രൗണ്‍ പ്ളാസ, പാര്‍ക് ഇന്‍ തുടങ്ങിയ ഹോട്ടലുകളില്‍ ഭൗമാചരണം സംഘടിപ്പിക്കുന്നുണ്ട്. ഷാന്‍ഗ്രി ലാബര്‍ അല്‍ ജിസയും വിളക്കണച്ച് ഭൗമദിനം ആചരിക്കും. അല്‍ ബന്തര്‍ ബീച്ചില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഭൗമ ദിനാചരണത്തിന്‍െറ പ്രചാരണ ഭാഗമായി ഈ മാസം ഒന്നിന് മസ്കത്ത് ഹില്‍സില്‍ കുടുംബങ്ങള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഗെയിമുകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒമാനില്‍ ഭൗമദിനം ആചരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ദിനാചരണ പരിപാടി കാരണം വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.