ഈമാസം അവസാനത്തോടെ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

മസ്കത്ത്: ഈമാസം അവസാനത്തോടെ അത്യുഷ്ണം കാരണമുണ്ടാകുന്ന ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും ഒമാനില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ഒമാനില്‍ അടിച്ചുവീശാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും മറ്റും ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ളെന്നും അധികൃതര്‍ പറഞ്ഞു. ഈമാസം അവസാനത്തോടെയും അടുത്ത മാസം ആദ്യത്തോടെയും ഉഷ്ണക്കാറ്റുകള്‍ രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്നും വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ കാലാവസ്ഥാ സൂചനാ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, അത്യുഷ്ണംമൂലം രൂപമെടുക്കുന്ന ഉഷ്ണക്കാറ്റും മഴയും ഏതൊക്കെ മേഖലകളെ ബാധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായ കാലാവസ്ഥാ വിവരങ്ങള്‍ ഉടന്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിവരുകയാണ്.
കാറ്റിന്‍െറ ചലനങ്ങള്‍, അറേബ്യന്‍ കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും കടല്‍ ഉപരിതല ഊഷ്മാവ് എന്നിവയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീക്ഷിക്കുന്നുണ്ട്.
മധ്യരേഖയോട് അടുത്ത മേഖലകളിലാണ് ഉഷ്ണക്കാറ്റിനും ചുഴലിക്കാറ്റിനും കൂടുതല്‍ സാധ്യത. എന്നാല്‍, എല്ലാതരം അന്തരീക്ഷ മര്‍ദങ്ങളെയും കൊടുങ്കാറ്റുകളെയും നേരിടാന്‍ രാജ്യം സജ്ജമാണ്. നിലോഫര്‍, ചപാല തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളെ രാജ്യം വിജയകരമായി നേരിട്ടതായും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞമാസവും ഒമാനിന്‍െറ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടിരുന്നു.
വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും ശക്തമായ നീരൊഴുക്കും അനുഭവപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.