മസ്കത്ത്: പരിഷ്കരിച്ച ഒമാനി ടൂറിസം നിയമം ഇന്നലെ മുതല്‍ നിലവില്‍വന്നു. വിനോദസഞ്ചാരമേഖലയിലെ കുതിപ്പ് ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് നിയമപരിഷ്കരണത്തിന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹ്രീസി അംഗീകാരം നല്‍കി.
ഹോട്ടലുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശമാണ് പരിഷ്കരിച്ച നിയമം മുന്നോട്ടുവെക്കുന്നതെന്ന് ഒമാന്‍ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ ഒപ്പമില്ളെങ്കില്‍ മുറി നല്‍കരുത്. ഉപഭോക്താക്കളുടെ എല്ലാവിവരങ്ങളും ഹോട്ടലില്‍ ലഭ്യമായിരിക്കണം. ഇത് ആര്‍.ഒ.പി ആവശ്യപ്പെടുമ്പോള്‍ പരിശോധനക്ക് ലഭ്യമാക്കണം.
ഹോട്ടലില്‍ മുറിയെടുത്തവര്‍ക്ക് സന്ദര്‍ശകരെ മുറികളില്‍ കൊണ്ടുവരാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഒഴിഞ്ഞ മുറിയുണ്ടെങ്കില്‍ ഒരു കാരണവശാലും മുറി നിഷേധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഉപഭോക്താക്കള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മുറികളില്‍ മറന്നുവെക്കുന്ന പക്ഷം ആര്‍.ഒ.പിയെ വിവരമറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2040 വരെ നീളുന്ന ടൂറിസം കര്‍മപദ്ധതിയുടെ ഭാഗമായാണ് 2003ല്‍ നിലവില്‍വന്ന എക്സിക്യൂട്ടിവ് നിയമം പരിഷ്കരിക്കുന്നത്. ടൂറിസം മന്ത്രാലയം നിലവില്‍ വരുന്നതിന് മുമ്പുള്ള ഈ നിയമം പരിഷ്കരിക്കാന്‍ കര്‍മപദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍, ഓഫിസുകള്‍, സംരംഭങ്ങള്‍ എന്നിവക്ക് പരിഷ്കരിച്ച നിയമം ബാധകമായിരിക്കും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉല്‍പന്നങ്ങളും പ്രവര്‍ത്തനങ്ങളും മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിയമവിധേയമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനം, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ എന്നിവയും നിയമഭേദഗതിയുടെ ലക്ഷ്യമാണെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് പിഴ അടക്കം ശിക്ഷകളും നിയമപരിഷ്കരണം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.