????????? ??.????????

മസ്കത്ത് സ്കൂളില്‍ സുരക്ഷിത  ബസ് സംവിധാനം മൂന്നുമാസത്തിനകം 

മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ മാനേജ്മെന്‍റ് നേരിട്ട് നടപ്പാക്കുന്ന സുരക്ഷിത ബസ് സംവിധാനം മൂന്നുമാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ്  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കുന്നതിന് ഏറെ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. ഇത് സംബന്ധമായ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ സ്കൂളില്‍നിന്ന് രക്ഷിതാക്കള്‍ക്ക് ബസ് സര്‍വിസ് സംബന്ധമായ  സര്‍ക്കുലര്‍ ലഭിക്കും.  ബസുകളുടെ റുട്ടുകള്‍ നിശ്ചയിക്കുക, ഓരോ റൂട്ടിലെയും നിരക്കുകള്‍ നിശ്ചയിക്കുക തുടങ്ങിവയെല്ലാം ഏകദേശ ധാരണയിലത്തെിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ഇതുസംബന്ധമായി അന്തിമതീരുമാനമെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം  പറഞ്ഞു. ബസ് സര്‍വിസ് നടത്തുന്ന കമ്പനികളുമായും കഴിഞ്ഞ രണ്ടുമാസമായി ചര്‍ച്ച നടത്തുന്നുണ്ട്. ബസ് കമ്പനികളുമായുള്ള അന്തിമ ചര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. നേരത്തേ, രക്ഷിതാക്കള്‍ക്ക് ഇടയില്‍ ബസ് സര്‍വിസ് സംബന്ധമായ സര്‍വേ നടത്തിയിരുന്നു. ഇതില്‍ സ്കൂള്‍ ബസ് സംവിധാനത്തില്‍ താല്‍പര്യമുള്ളവരുടെ പട്ടികയും  തയാറാക്കിയിരുന്നു. ഇവര്‍ക്ക് വീണ്ടും സര്‍ക്കുലര്‍ അയച്ച് താല്‍പര്യം ഉറപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇതോടെ, ഓരോ റൂട്ടിലെയും നിരക്കുകളും നല്‍കാന്‍ കഴിയും. ഇത് പൂര്‍ത്തിയാവുന്നതോടെ ഗതാഗത സംവിധാനം ആരംഭിക്കും. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ അതേ രീതിതന്നെയായിരിക്കും മസ്കത്ത് സ്കൂളിലും നടപ്പാക്കുക. ബസ് ഫീ സ്കൂളില്‍ തന്നെ സ്വീകരിക്കുകയും സ്കൂള്‍തന്നെ സര്‍വിസുകള്‍ക്കും മറ്റും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ദാര്‍സൈത്ത്, സീബ്, മബേല സ്കൂളുകളിലാണ് ഇപ്പോള്‍ സുരക്ഷാ ബസ് സംവിധാനം നിലവിലുള്ളത്. ഈ സ്കൂളുകളില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചെറിയ പ്രയാസങ്ങള്‍ നീങ്ങിയതായും കൂടുതല്‍ രക്ഷിതാക്കള്‍ ഇതുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. നിസ്വ, സലാല, മുലദ സ്കൂളുകളിലും സംവിധാനം നടപ്പാക്കാന്‍ പദ്ധതിയുണ്ട്. 
അടുത്ത വര്‍ഷാരംഭത്തോടെ ഇത് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാന്‍ ട്രാക് ഫോഴ്സ് രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. നിസ്വ സ്കൂളില്‍ പദ്ധതി നടപ്പാക്കാന്‍ ചില പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസ്വ സ്കൂളിലേക്ക് വളരെ ദൂരത്തുനിന്ന് കുട്ടികള്‍ പഠിക്കാന്‍ വരുന്നതിനാല്‍ ഈ സമ്പ്രദായം നടപ്പാക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഇത് മറികടന്ന് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിസ്വ സ്കൂളിലെ അധ്യാപകപ്രശ്നത്തിന് ഏകദേശ പരിഹാരമായതായി അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ ക്ളിയറന്‍സ് സംബന്ധമായി മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് മന്ത്രാലയത്തില്‍നിന്ന് ലഭിച്ചത്. മൊത്തം ഒമാനിലെ സ്കൂളിലേക്ക് 75 ക്ളിയറന്‍സുകള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. നിസ്വ സ്കൂളിലേക്ക് ഏഴ് അധ്യാപകര്‍ ഉടന്‍ എത്തും.  
മറ്റു സ്കൂളില്‍നിന്ന് അധ്യാപകരെ ട്രാന്‍സ്പര്‍ ചെയ്തും പ്രശ്നത്തിന് പരിഹാരം കണ്ടതായി അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച 75 ക്ളിയറന്‍സുകളിലും അധ്യാപകര്‍ എത്തുന്നതോടെ എല്ലാ ഇന്ത്യന്‍ സ്കൂളുകളിലെയും അധ്യാപക പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.