റെസിഡന്‍റ് കാര്‍ഡ് പുതുക്കല്‍: ഓണ്‍ലൈന്‍ സംവിധാനം തുടങ്ങുന്നു

മസ്കത്ത്: റെസിഡന്‍റ് കാര്‍ഡ് പുതുക്കലിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കാന്‍ മാനവ വിഭവശേഷി വകുപ്പ് ആലോചിക്കുന്നു. 
ഇ-ഗവേണന്‍സ് നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് മസ്കത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. 
തൊഴിലുടമകള്‍ക്ക് ധാരാളം സമയലാഭം ലഭിക്കുന്നതാണ് പദ്ധതിയെന്ന് വക്താവ് അറിയിച്ചു. നിലവില്‍ ഓരോ തൊഴിലാളിയുടെയും റെസിഡന്‍റ് കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ പൂരിപ്പിക്കാന്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ സനദ് സെന്‍ററിലെത്തേണ്ടതുണ്ട്. 
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരുന്നതോടെ പേപ്പര്‍ വര്‍ക്കുകള്‍ കുറയുകയും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയും ചെയ്യും. 
നിലവില്‍ ഏതാനും ചില കമ്പനികളില്‍ മാത്രമാകും ഇത് നടപ്പാവുക. വിജയകരമാണെന്ന് കണ്ടാല്‍ മറ്റ് കമ്പനികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ഇലക്ട്രോണിക് പേമെന്‍റുകള്‍ നടത്തുന്നതിനായി റെസിഡന്‍റ് കാര്‍ഡുകളില്‍ പബ്ളിക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ (പി.കെ.ഐ) സംവിധാനം ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. 
കമ്പനി പ്രതിനിധിയോ വ്യക്തിയോ റോയല്‍ ഒമാന്‍ പൊലീസിനെ സമീപിച്ചാല്‍ മാത്രമേ പി.കെ.ഐ കീ ലഭിക്കുകയുള്ളൂ. ഇത് ആക്ടിവേറ്റ് ചെയ്താല്‍മാത്രമേ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഫീസായ 201 റിയാല്‍ ഓണ്‍ലൈനിലൂടെ അടക്കാന്‍ സാധിക്കുകയുള്ളൂ. 
സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള സംവിധാനമാണ് പി.കെ.ഐ. ഇത് ആക്ടിവേറ്റ് ചെയ്താലുടന്‍ ഇലക്ട്രോണിക് പേമെന്‍റ് നടത്തുന്നതിനുള്ള ഐ.ഡിയും പാസ്വേഡും ലഭിക്കും. 
നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസുകള്‍ മന്ത്രാലയത്തിനുവേണ്ടി സനദ് സെന്‍ററുകളാണ് സ്വീകരിക്കുന്നത്. മാനവ വിഭവശേഷി വകുപ്പിന്‍െറ നിരവധി സേവനങ്ങള്‍ ഇതിനകം ഓണ്‍ലൈസന്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. 
തൊഴില്‍പരമായ പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.