മസ്കത്ത്: മറ്റ് അറബ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമായ രാഷ്ട്രമാണ് ഒമാൻ. വിശാലമായ കടൽതീരങ്ങൾക്കും ആകാശം മുെട്ട ഉയർന്നുനിൽക്കുന്ന മലനിരകൾക്കും മരുഭൂമിക്കും വാദികൾക്കും മലഞ്ചെരിവുകൾക്കുമൊപ്പം സമ്പന്നമായ പൈതൃകത്തിെൻറ ശേഷിപ്പുകളായ കോട്ടകളും കൊട്ടാരങ്ങളും ഒമാെൻറ എല്ലാ ഗവർണറേറ്റുകളിലുമായുണ്ട്. ഇവക്കെല്ലാമുപരിയായി സ്വദേശി സമൂഹത്തിെൻറ ഉൗഷ്മളമായ ആതിഥ്യമര്യാദയും പാരമ്പര്യരീതികളുമെല്ലാം ഒമാൻ സന്ദർശിക്കുന്ന സഞ്ചാരികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കും. ഒമാനിലെത്തുന്നവർ ഒരിക്കലും സന്ദർശിക്കാൻ വിട്ടുപോകരുതാത്ത സ്ഥലമാണ് ‘അറേബ്യയിലെ നോർവേ’ എന്നറിയപ്പെടുന്ന മുസന്ദം ഗവർണറേറ്റ്. ഒമാൻ ഗൾഫ് കടലിടുക്ക് അവസാനിച്ച് ഹോർമുസ് കടലിടുക്കുമായി ചേരുന്ന ഭാഗത്ത് കടലിലേക്ക് 100 കിലോമീറ്ററോളം തള്ളിനിൽക്കുന്ന ഒരു മുനമ്പാണ് ഇവിടം.
ഏകദേശം 1800 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ ഉപദ്വീപിെൻറ ഒട്ടുമിക്കഭാഗങ്ങളും സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്നവയാണ്. പ്രകൃതി കനിഞ്ഞരുളിയ വൈവിധ്യമാർന്ന കാഴ്ചകളാണ് മുസന്ദമിെൻറ പ്രത്യേകത. ഉയർന്ന മലനിരകൾ, പാറക്കെട്ടുകൾ നിറഞ്ഞ പഞ്ചാര മണൽതീരങ്ങൾ, വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള ദ്വീപുകളെ ചുറ്റിയുള്ള ജലപാതകൾ, അരുവികൾ... മുസന്ദമിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്ന പ്രത്യേകതകൾ ഏറെയാണ്. ഒമാൻ രാജ്യാതിർത്തിയിൽപെട്ട സ്ഥലമാണെങ്കിലും കടൽമാർഗമോ വിമാനമാർഗമോ ആണ് ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. യു.എ.ഇയിലെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളുമായാണ് മുസന്ദം കര അതിർത്തി പങ്കിടുന്നത്. ഗവർണറേറ്റിെൻറ ഖസബ് വിലായത്തിലെ ബസ്സ, ഹയൂത്ത് ബുക്ക വിലായത്തിലെ ഹാൽ, തബീബ്, അൽ സിഫ, അൽ താവില ദിബ്ബ വിലായത്തിലെ അൽ സൂത്ത്, സാഗി, അൽ സഹ്മ എന്നിവിടങ്ങളിലാണ് മനോഹരങ്ങളായ കടൽതീരങ്ങളും ഉള്ളത്. പാറക്കെട്ടുകളും പഞ്ചാരമണൽതരികളും അടങ്ങിയ ഇൗ തീരങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനും ബോട്ടിങ് നടത്താനും സ്കൂബാ ഡൈവിങ് അടക്കം സാഹസിക വിനോദങ്ങൾ ആസ്വദിക്കാനും സ്വദേശി, വിദേശി സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. മനോഹരങ്ങളായ പാർക്കുകളാണ് മറ്റൊരു ആകർഷണം.
അൽ ഖാലിദിയ, അൽ സി, അൽ സഹാസിഹ്, അൽ റൗദ എന്നിവിടങ്ങളിലെ പാർക്കുകളിൽ നിത്യഹരിത വൃക്ഷങ്ങളും പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം ധാരാളമുണ്ട്. ഫലജുകൾ എന്നറിയപ്പെടുന്ന പുരാതന ജലസേചന സമ്പ്രദായങ്ങളും വിവിധ വിലായത്തുകളിലായുള്ള ചെറു അരുവികളും തടാകങ്ങളുമെല്ലാം ‘അറേബ്യയിലെ നോർവേ’ എന്ന വിളിപ്പേരിന് മുസന്ദമിനെ അക്ഷരാർഥത്തിൽ അർഹമാക്കുന്നു. നിരവധി സാധ്യതകൾ ഉള്ള മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് മുസന്ദം എന്ന് ഗവർണറേറ്റിലെ ടൂറിസം അഡ്മിനിസ്ട്രേഷൻ ആക്ടിങ് ഡയറക്ടർ മൂസ ബിൻ ഇസ്സ അൽ റിയാമി ഒൗദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു. ഖസബ് വിലായത്തിലെ ‘ജബൽ ഹാരിം’ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കടൽനിരപ്പിൽനിന്ന് 1600 മീറ്റർ ഉയരമുള്ള ഇൗ മലനിരകളുടെ ഏറ്റവും ഉയർന്ന ഭാഗത്തിന് സമുദ്ര നിരപ്പിൽനിന്ന് 2087 മീറ്റർ ആണ് ഉയരം.
ഇവിടെ നടന്ന ഉദ്ഖനന പ്രവർത്തനങ്ങളിൽ 250 ദശലക്ഷം വർഷത്തോളം പഴക്കമുള്ള മത്സ്യങ്ങളുടെയും കടൽജീവികളുടെയും ഫോസിലുകൾ കണ്ടെത്തിയിരുന്നു. ഉമ്മുൽ ഗനം, സലാമ, അൽ ഖയിൽ, മുസന്ദം, ഉമ്മു അൽ തായിർ, അൽ ടെലിഗ്രാഫ്, ഉമ്മു ഫയാരിൻ, അൽ സൗദ, അബൂ മുഖലിഫ് തുടങ്ങിയ ദ്വീപുകൾ അടങ്ങിയതാണ് ഗവർണറേറ്റ്. ഇതിൽ ഒാരോ ദ്വീപിനും സവിശേഷതകൾ ഏറെയാണ്. കിഴക്കുഭാഗത്തുള്ള ഉമ്മു അൽ തായിർ ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമായ ദ്വീപിനെ ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്ചർ 1986ൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ലെൻറ് ഒാഫ് എഗ്ഗ്’ എന്നും ഇവിടം അറിയപ്പെടാറുണ്ട്. ഖസബ് വിലായത്തിലെ ഖൗർ ശാമിലുള്ള മഖ്ലാബ് എന്നും അറിയപ്പെടുന്ന ടെലിഗ്രാഫ് െഎലൻഡും മനോഹര കാഴ്ചകളാൽ സമ്പന്നമാണ്. കടൽയാത്രകളിലെ സഞ്ചാരികളുടെ വിശ്രമ കേന്ദ്രമാണ് ഇവിടം.
പുരാവസ്തു ശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള കേന്ദ്രങ്ങളാലും സമ്പന്നമാണ് മുസന്ദം. ഖസബ് കോട്ട, അൽ ഖംസറ കോട്ട, അൽ സിബ കോട്ട, കബ്സ് അൽ ഖസർ കോട്ട എന്നിവ ഇതിൽ ചിലതാണ്. മദ്ഹ വിലായത്തിൽ പാറയിൽ എഴുതപ്പെട്ട എഴുത്തുകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന് മുമ്പുള്ള ഇരുമ്പുയുഗത്തിൽ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ഇതെന്ന് പുരാവസ്തു പര്യവേക്ഷകർ പറയുന്നു. തീരദേശ റോഡിന് അഭിമുഖമായി നൽക്കുന്ന ഖസബ് കോട്ട 17ാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്നാണ് കരുതപ്പെടുന്നത്. പൈതൃക-സാംസ്കാരിക മന്ത്രാലയത്തിെൻറ കീഴിൽ 1990ൽ കോട്ടയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
സുസ്ഥിര ടൂറിസം പദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ ഗവർണറേറ്റിൽ വികസിപ്പിച്ചെടുക്കാൻ പദ്ധതികൾ ഉണ്ടെന്ന് മൂസ ബിൻ ഇസ്സ അൽ റിയാമി പറയുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെയാകും പദ്ധതികൾ നടപ്പിൽവരുത്തുക. സ്വകാര്യ നിക്ഷേപത്തിന് വിവിധ വിലായത്തുകളിൽ സ്ഥലം വിട്ടുനൽകുന്നത് ടൂറിസം മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. 2040 ലക്ഷ്യമിട്ടുള്ള ടൂറിസം കർമപദ്ധതിയുടെ ഭാഗമായ പൊതു വികസന പരിപാടികളും ഇവിടെ നടപ്പിൽ വരുത്തുമെന്നും അൽ റിയാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.