മൂല്യവര്‍ധിത നികുതി: വരുമാനത്തില്‍  1.1 ശതകോടി ഡോളര്‍ വരെ വര്‍ധനയുണ്ടാകും 

മസ്കത്ത്: മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പില്‍വരുന്നതോടെ രാജ്യത്തിന്‍െറ വരുമാനത്തില്‍ 1.1 ശതകോടി ഡോളറിന്‍െറ വരെ വര്‍ധനയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തിന്‍െറ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 1.4 ശതമാനമാണ് ഈ തുക. അടുത്ത വര്‍ഷമാദ്യം മുതല്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 
ഇതോടെ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങള്‍ ഏകീകൃത നിരക്കോടെ ഒരൊറ്റ സാമ്പത്തിക മേഖലക്ക് അകത്തുവരും. ആറ് അംഗരാഷ്ട്രങ്ങളുടെ വരുമാനത്തില്‍ 25 ശതകോടി ഡോളറിന്‍െറ വര്‍ധനവാണ് ഉണ്ടാവുകയെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഒമാനിന്‍െറ പ്രതിനിധി അല്‍ക്കേഷ് ജോഷി പറഞ്ഞു. 
എണ്ണവിലയിടിവിന്‍െറ സാഹചര്യത്തില്‍ വരുമാനത്തിന്‍െറ വൈവിധ്യവത്കരണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. മൂല്യവര്‍ധിത നികുതി നടപ്പാക്കി നികുതി വല വിപുലമാക്കുകയെന്നത് വരുമാന വര്‍ധനക്കുള്ള വഴികളിലൊന്നാണ്. അടുത്ത പത്തുദിവസത്തിനുള്ളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ഏകീകൃത വാറ്റ് നിയമാവലി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി ഘടനയടക്കം വിഷയങ്ങളില്‍ കഴിഞ്ഞമാസം അംഗരാജ്യങ്ങള്‍ ഒപ്പിട്ടിരുന്നു. ഇതുവഴി മാത്രമേ ഏതെല്ലാം ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് മൂല്യവര്‍ധിത നികുതി ബാധകമാകുമെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. 
ഭക്ഷണം, ആരോഗ്യമേഖല, വിദ്യാഭ്യാസം എന്നിവയെ നികുതി വര്‍ധനവില്‍നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഏകീകൃത നിയമാവലി നിലവില്‍ വരുമെങ്കിലും പ്രാദേശികമായി നികുതിക്രമങ്ങളും ‘വാറ്റ്’ നടപ്പാക്കും മുമ്പ് നിലവില്‍ വരേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഒമാന്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടതാണ്. 
അല്ലാത്ത പക്ഷം ‘വാറ്റ്’ നടപ്പാകാന്‍ വൈകും. ഒരു വര്‍ഷം വരെ ഇങ്ങനെ നീട്ടിവെക്കാന്‍ ഏകീകൃത നിയമാവലി അനുവാദം നല്‍കുന്നുണ്ടെന്നും അല്‍ക്കേഷ് ജോഷി പറഞ്ഞു. 
പുതിയ നികുതിക്രമത്തിനായി കമ്പനികള്‍ തയാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും അല്‍ക്കേഷ് ജോഷി പറഞ്ഞു. ജി.സി.സിയിലെ 50 ശതമാനം കമ്പനികളും ഇത്തരത്തില്‍ ഒരു തയാറെടുപ്പുകളും നടത്തിയിട്ടില്ല. 11 ശതമാനം കമ്പനികള്‍ മൂല്യവര്‍ധിത നികുതി തങ്ങളുടെ ഇടപാടുകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടെന്നും ജോഷി പറഞ്ഞു. നിയമം നടപ്പില്‍ വരുന്നതോടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതിക്രമത്തിലേക്ക് മാറാന്‍ പത്തുമാസമേ അനുവദിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, മാനവവിഭവ ശേഷി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ജോഷി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.