മസ്കത്ത്: വിദ്യാഭ്യാസ വകുപ്പിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി അധ്യാപക തസ്തികകളിലെ 2469 വിദേശികൾക്കു പകരം സ്വദേശികളെ നിയമിച്ചതായി തൊഴിൽ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് ആദ്യഘട്ട സ്വദേശിവത്കരണം പൂർത്തീകരിച്ചത്. പുതുതായി തൊഴിൽ നൽകിയവരിൽ 1455 പേർ പുരുഷന്മാരാണ്.
സർവകലാശാല യോഗ്യതയും എജുക്കേഷനൽ ഡിപ്ലോമയും ഉള്ളവരെയാണ് വിദ്യാഭ്യാസ വകുപ്പിൽ വിദേശികൾക്കു പകരമായി നിയമിച്ചത്. ഇസ്ലാമിക് എജുക്കേഷൻ, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, െഎ.ടി, സ്പെഷൽ എജുക്കേഷൻ തുടങ്ങി 22 വിഭാഗങ്ങളിലാണ് വിദേശികളെ മാറ്റി സ്വദേശികളെ നിയമിച്ചത്. ഇതിൽ ഭാഷ, സയൻസ് വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവരിൽ മലയാളികളുമുണ്ട്. ആറ് സർക്കാർ വകുപ്പുകളുമായി ഇൗ വർഷം പൊതുമേഖലയിൽ നാലായിരത്തോളം തൊഴിലവസരങ്ങളാണ് സ്വദേശികൾക്കായി സൃഷ്ടിക്കുക. വിദ്യാഭ്യാസ വകുപ്പിൽ 2469ഉം ആരോഗ്യ മന്ത്രാലയത്തിൽ 830ഉം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ 115ഉം മുനിസിപ്പൽ വിഭാഗത്തിൽ 65ഉം യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ 92ഉം അവസരങ്ങളാണ് സൃഷ്ടിക്കുക. യോഗ്യതയുള്ള സ്വദേശി തൊഴിലന്വേഷകർക്ക് ആവശ്യമായ പരിശീലനം നടത്തി പകരം നിയമിക്കാനുള്ള പദ്ധതികളുമായാണ് തൊഴിൽ മന്ത്രാലയം മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.