മസ്കത്ത്: നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയുള്ള നടപടി തുടരുന്നു. സീബ് വിലായത്തിൽനിന്ന് ഇത്തരത്തിലുള്ള 291 വാഹനങ്ങൾ നീക്കിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വാഹനങ്ങൾ നീക്കാൻ ഉടമകൾക്ക് നൽകിയ അറിയിപ്പ് കാലാവധി കഴിഞ്ഞതോടെയാണ് ക്രെയ്നിന്റെയും മറ്റും സഹായത്തോടെ നീക്കിത്തുടങ്ങിയത്. പാർക്കിങ്ങിനും കാൽനടക്കും തടസ്സമായി നിൽക്കുന്ന വാഹനങ്ങളാണ് നീക്കിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നടപടികളുമായി അധികൃതർ രംഗത്തെത്തും.
ഈ വർഷം ആഗസ്റ്റ് വരെയുള്ള കാലയളവിൽ സീബ്, മത്ര ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി മസ്കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിരുന്നു.
ബൗഷറിൽ 50, ഖുറയാത്തിൽ 98, അമിറാത്തിൽ 236, വിവിധ പൊതുസ്ഥലങ്ങളിൽ 18 എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കായി നഗരസഭ ഫീൽഡ് വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്.
ഇങ്ങനെ കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുകയോ സ്വദേശികളുടെയും താമസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്. എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകളും പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും. ലോക്ഡൗണും മറ്റ് പ്രതിസന്ധികളും കാരണം രണ്ടുലക്ഷത്തോളം പേർ രാജ്യം വിട്ടുപോയെന്നാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) റിപ്പോർട്ട്. ഇതിൽ നല്ലൊരു ശതമാനം ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ചാണ് പോയതെന്നും എൻ.സി.എസ്.ഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം വാഹനങ്ങൾ വാങ്ങാൻ ആളുകളെ ലഭിക്കാഞ്ഞതാണ് അവ ഉപേക്ഷിച്ചുപോകാൻ പലരെയും പ്രേരിപ്പിച്ചത്. ജോലി നഷ്ടപ്പെട്ടതുമൂലം ലോൺ അടക്കാനാവാതെയും മറ്റും വാഹനങ്ങൾ ഉപേക്ഷിച്ചവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.