മസ്കത്ത്: സ്വദേശികൾക്ക് ഇൗവർഷം 32,000 തൊഴിലവസരങ്ങളും 10,000 പരിശീലന അവസരങ്ങളും ലഭ്യമാക്കുമെന്ന് തൊഴിൽമന്ത്രി ഡോ.മഹദ് ബിൻ സൈദ് ബഉൗവിൻ അറിയിച്ചു. ഇതിൽ 7602 ഒഴിവുകൾ സർക്കാർ മേഖലയിലായിരിക്കും. സർക്കാർ മേഖലയിൽ ഇപ്പോഴുള്ള ജീവനക്കാർക്ക് പകരമായിരിക്കും പുതിയ നിയമനങ്ങളെന്നും തൊഴിൽമന്ത്രാലയത്തിെൻറ വാർത്തസമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിലെ ഒഴിവുകൾ 2469 എണ്ണം വിദ്യാഭ്യാസ മേഖലയിലായിരിക്കും. ആരോഗ്യമന്ത്രാലയത്തിൽ 830ഉം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ 115ഉം കാർഷിക-ഫിഷറീസ് മന്ത്രാലയത്തിൽ 151ഉം പേർക്ക് തൊഴിൽ നൽകും. പതിനായിരം തൊഴിലന്വേഷകർക്ക് തൊഴിൽ മികവ് വർധിപ്പിക്കുന്നതിനായി പരിശീലനം നൽകുകയും ചെയ്യും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കായുള്ള സംരംഭകത്വ പരിപാടി വഴി 3000 പേർക്കും പരിശീലനം ലഭ്യമാക്കും. കായിക-സാംസ്കാരിക-യുവജന കാര്യ മന്ത്രാലയവുമായി ചേർന്ന് എല്ലാ ഗവർണറേറ്റുകളിലും പരിശീലനം നൽകുകയും ചെയ്യും. പരിശീലന പദ്ധതികളിലൂടെ മനുഷ്യ വിഭവശേഷി വികസിപ്പിച്ചെടുക്കുന്നതിനായിരിക്കും ഇൗവർഷം മുൻഗണന നൽകുക. തുടർന്നായിരിക്കും പകരം നിയമനങ്ങൾ നടക്കുകയെന്ന് തൊഴിൽമന്ത്രി പറഞ്ഞു. മന്ത്രാലയത്തിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും എല്ലാ മേഖലകളും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. 2011-2020 കാലഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ മൊത്തം സ്വദേശിവത്കരണം 21.6 ശതമാനമാണെന്നും ഡോ.മഹദ് ബിൻ സൈദ് പറഞ്ഞു. 1000 തൊഴിലന്വേഷകർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകാനും സാധിച്ചു. കോവിഡ് സാഹചര്യത്തിൽ 70,000 തൊഴിലന്വേഷകരെ പിരിച്ചുവിടലിൽ നിന്ന് സംരക്ഷിക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. ഇതിൽ 19,000 പേർ എണ്ണ-വാതക മേഖലയിലാണ്.
4000 പേരെ തൊഴിൽ സുരക്ഷ ഫണ്ടിന് കീഴിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ലക്ഷ്യമിട്ടാണ് തൊഴിൽ മന്ത്രാലയത്തിെൻറ ഒാരോ നടപടികളുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആനുകൂല്യങ്ങളും ലീവും റിട്ടയർമെൻറ് ആനുകൂല്യങ്ങളുമെല്ലാം സാധ്യമാകുന്നത്ര ഏകീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ചില മേഖലകളിലെ ഉയർന്ന സ്വദേശിവത്കരണം ഒഴിവാക്കാൻ വിദേശികളെ ഒരു ആക്ടിവിറ്റിയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുകിട-ഇടത്തരം കമ്പനികൾ സ്ഥാപിക്കൽ, മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ സ്വകാര്യമേഖലക്ക് നൽകിയ ആനുകൂല്യങ്ങളുടെ ദുരുപയോഗം തുടങ്ങിയവയും ഒഴിവാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
65,438 തൊഴിലന്വേഷകരാണ് ഇപ്പോഴുള്ളത്. ഇതിൽ 40,572 പേരും സ്ത്രീകളാണ്. തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുംതോറും സാമ്പത്തിക വളർച്ച കുറയുന്ന സാഹചര്യമാണ് ഉള്ളത്. കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിലൂടെ മാത്രമേ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചില ഗവർണറേറ്റുകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യവും മറികടക്കേണ്ടതുണ്ടെന്ന് ഡോ.മഹദ് ബിൻ സൈദ് പറഞ്ഞു.
തൊഴിൽ നിയമവും സിവിൽ സർവിസ് നിയമവും പരിഷ്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.കൂടുതൽ തസ്തികകൾ സ്വദേശിവത്കരിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുകയാണ്. തൊഴിൽ തർക്കപരിഹാരങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് മൊബൈൽ കോടതികൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.