മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 35 പുതിയ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാൻ വിഷൻ 2040ന്റെ മുൻഗണനകളുമായി നേരിട്ട് ബന്ധപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയത്തിലെ ആസൂത്രണ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ബിൻ സയീദ് അൽ സനാനി പറഞ്ഞു.
ഗതാഗത മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണ്. ബദൽ റോഡുകൾ, പ്രത്യേക തുറമുഖങ്ങൾ, നിലവിലെ തുറമുഖങ്ങളായ ഖസബ്, ഷിനാസ്, അൽ സുവൈഖ്, ദൽഖൂത് എന്നിവയുടെ പരിഷ്കരണം തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടും. ആഡംബരക്കപ്പലുകൾ, ടഗ് ബോട്ടുകൾ, വാട്ടർ ടാക്സികൾ എന്നിവക്കായി ബെർത്തിങ് ഏരിയകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
വിവിധ പ്രോജക്ടുകളുടെ വളർച്ച വിലയിരുത്തുന്നതിനായി മന്ത്രാലയം ഏകീകൃത നിരീക്ഷണ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും ഡോ. അൽ സനാനി പറഞ്ഞു. നിലവിലെ പഞ്ചവത്സര പദ്ധതിയിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 89.0 കോടി റിയാലിലധികം ചെലവിൽ നിരവധി റോഡ് പദ്ധതികൾ പൂർത്തിയാക്കുന്നതിലും ആരംഭിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അൽ-ബുറൈമി ഗവർണറേറ്റിലെ ശർഖിയ എക്സ്പ്രസ്വേ പദ്ധതി, അൽ-ബാത്തിന എക്സ്പ്രസ് വേയിലേക്കുള്ള കൂടുതൽ കണക്റ്റിവിറ്റി, ആദം-ഹൈമ-തുംറൈത്ത് ഇരട്ടപ്പാത, അൽ അബൈല-അൽ ഫയാദ് റോഡ് എന്നിവക്കായി ടെൻഡറുകൾ നൽകിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ ദോഫാർ ഗവർണറേറ്റിലെ റസൂത്ത്-അൽ-മുഗ്സൈൽ റോഡിന്റെ ഇരട്ടിപ്പിനുള്ള ടെൻഡറും നൽകിക്കഴിഞ്ഞു. റുസായിൽ-ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ നിർമാണം 70 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അടുത്ത വർഷം ആദ്യ പാദത്തോടെ ഇത് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ-കസബ് പാതയുടെ നിർമാണത്തിനുള്ള ടെൻഡർ ലഭിച്ചതായും ഈ വർഷം അവസാനത്തോടെ ഇത് നടപ്പാക്കാൻ തുടങ്ങുമെന്നും അൽ സനാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.