മസ്കത്ത്: റുസ്താഖിലെ ഖസ്ര ഗ്രാമത്തിലെ 400 വർഷം പഴക്കമുള്ള പ്രശസ്ത വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമായിരുന്ന ബൈത്ത് അൽ ഗർബി തകർന്നുവീണു. ചൊവ്വാഴ്ചയായിരുന്നു സംഭവം. പുനരുദ്ധാരണത്തിനായി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നു. പുരാതന വസ്തുക്കളുടെ ഒരു വലിയ ശേഖരം ഇവിടെ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ, ചൊവ്വാഴ്ച ഉച്ചയോടെ പൈതൃക ഭവനത്തിന്റെ മുൻഭാഗം തകർന്നുവീഴുകയായിരുന്നുവെന്ന് ബൈത്ത് അൽ ഗർബിയുടെ സ്ഥാപകയായ സകിയ നാസർ അൽ ലംകിയ പറഞ്ഞു.
മൂന്ന് നിലകളിലായി 14 മുറികളായിരുന്നു മ്യൂസിയത്തിനുണ്ടായിരുന്നത്. ജർമനി, ബ്രിട്ടൻ, ജി.സി.സി എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർ ഉൾപ്പെടെ ഓരോ മാസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളായിരുന്നു ഇവിടെ എത്തിയിരുന്നത്. രണ്ടുപെരുന്നാളിനോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ വിദ്യാർഥികളടക്കമുള്ള ആളുകളും സന്ദർശിച്ചിരുന്നുവെന്ന് സകിയ പറഞ്ഞു. തന്റെ പൂർവികർ ഉപയോഗിച്ചിരുന്ന വീട് 2016ലാണ് സകിയ മ്യൂസിയമാക്കി മാറ്റുന്നത്.
ഒമാനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ചരിത്രപരമായ പുരാവസ്തുക്കളുടെ ശ്രദ്ധേയമായ ശേഖരംതന്നെ ഇവിടെ ഒരുക്കിയിരുന്നു. പൂർവികർ അവശേഷിപ്പിച്ച പുരാവസ്തു പൈതൃകം സംരക്ഷിക്കാനുള്ള അഭിനിവേശവും സമർപ്പണവുമാണ് മ്യൂസിയം സ്ഥാപിക്കാൻ അവരെ പ്രേരിപ്പിച്ചത്.
‘‘എന്റെ പൂർവികരുടെ ഭവനം കണ്ടപ്പോഴാണ് ചരിത്രപരമായ പുരാവസ്തുക്കൾ നിറഞ്ഞ ഒരു പുരാതന വീട് ഒരുക്കുന്നതിനെക്കുറിച്ചുള്ള ചിന്ത തുടങ്ങിയത്. മാതാപിതാക്കളുടെയും അയൽവാസികളുടെയും വിലായത്തിലെ സഹപൗരന്മാരുടെയും സഹായത്തോടെ ഞങ്ങൾ വീട് പുനഃസ്ഥാപിക്കുകയായിരുന്നു’’-സകിയ പറഞ്ഞു. പഴയ പുസ്തകങ്ങൾ, നാണയങ്ങൾ, പാചക പാത്രങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, ധൂപവർഗങ്ങൾ, വെള്ളിപ്പാത്രങ്ങൾ, മൺപാത്രങ്ങൾ, പാലുൽപന്ന സംസ്കരണ ഉപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളായിരുന്നു ബൈത്ത് അൽ ഗർബിൽ ഉണ്ടായിരുന്നത്.
മ്യൂസിയം അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിച്ച സകിയ, അത് പുനഃസ്ഥാപിക്കുന്നതിനുള്ള സഹായത്തിനായി സ്വകാര്യ മേഖലയോടും ബന്ധപ്പെട്ട പൗരന്മാരോടും അഭ്യർഥിച്ചു. പുനരുദ്ധാരണത്തിന് വലിയ സാമ്പത്തിക ചെലവ് വരും. പക്ഷേ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖലയെ പിന്തുണക്കുന്നതിനും ഇത് പുനർനിർമിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.