മസ്കത്ത്: ഒമാനിലെത്തുന്ന വിമാന യാത്രക്കാർ വർധിച്ചു. കഴിഞ്ഞ വർഷം നവംബർ 31വരെ 4,71,000 ആളുകളാണ് വിവിധ രാജ്യങ്ങളിൽനിന്ന് സുൽത്താനേറ്റിൽ എത്തിയത്. ഒമാനിൽനിന്ന് വിമാനം വഴി 1.6 ദശലക്ഷം ആളുകൾ പുറത്തേക്കു പോയി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യമുള്ളത്. നവംബറിലെ മൊത്തം സന്ദർശകരുടെ എണ്ണം 1,11,000 ആളുകളാണ്. 2020ൽ നവംബറിൽ ഇത് വെറും13,000 ആളുകൾ മാത്രമാണുണ്ടായിരുന്നത്.
സന്ദർശകരിൽ ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. 43,316 ഗൾഫ് പൗരന്മാരാണ് ഈവർഷം നവംബറിൽ ഒമാൻ സന്ദർശിച്ചത്.
ആകെ എത്തിയവരുടെ 38 ശതമാനം വരുമിത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ 14.7 ശതമാനം, യെമനികൾ 5.2 ശതമാനം, ജർമനികൾ 4.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയവർ. നവംബറിൽ ഒമാനിൽനിന്ന് പുറത്തേക്കുപോയ യാത്രക്കാരിൽ കൂടുതലും സ്വദേശികളാണ്. 60.4 ശതമാനം ഒമാൻ പൗരന്മാരാണ് ഇവിടെനിന്നും പുറത്തേക്കു പോയത്. ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 64.3 ശതമാനത്തിന്റെ വർധനയാണുള്ളത്. 1,23,600 ആളുകളാണ് നവംബറിൽ ഹോട്ടലുകളിൽ അതിഥികളായെത്തിയത്. 2020ൽ ഇത് 84,500 ആളുകളായിരുന്നു. ഹോട്ടലുകളിൽ താമസിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോർ 46.8 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.