പെർമിറ്റ് ലഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം

മസ്കത്ത്: ടെലി കമ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവത്കരണ നിബന്ധനകൾ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) പുറത്തുവിട്ടു. ഘട്ടംഘട്ടമായി വൈദഗ്ധ്യ ജോലികളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിർദേശം. ഇതിൽ വീഴ്ചവരുത്തിയാൽ പെർമിറ്റ് പുതുക്കിനൽകില്ല. എൻട്രപ്രണർഷിപ് കാർഡുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പെർമിറ്റ് ലഭിച്ച് 12 മാസത്തിനുള്ളിൽ 30 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം.

24 മാസം കഴിയുമ്പോൾ അത് 40 ശതമാനമായും 36 മാസം കഴിയുമ്പോൾ 50 ശതമാനമായും 48 മാസം കഴിയുമ്പോൾ 60 ശതമാനവുമാക്കി ഉയർത്തണം. പെർമിറ്റ് ലഭിച്ച് 60 മാസം പൂർത്തിയാകുമ്പോൾ സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ 70 ശതമാനം സ്വദേശികളായിരിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് പുതുക്കിനൽകില്ല. റിയാദയിൽ രജിസ്റ്റർ ചെയ്ത ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ ആണെങ്കിൽ 12 മാസംകൊണ്ട് 55 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കണം. ഇത് 24 മാസം കൊണ്ട് 60 ശതമാനവും 36 മാസം കൊണ്ട് 65 ശതമാനവും 60 മാസം കൊണ്ട് 70 ശതമാനവും ആക്കണം. മറ്റ് കമ്പനികളും സ്ഥാപനങ്ങളും 12 മാസം കൊണ്ട് മൊത്തം ജീവനക്കാരിൽ 60 ശതമാനവും സ്വദേശികളെ നിയമിക്കണം. ഘട്ടംഘട്ടമായി ഇത് 70 ശതമാനത്തിൽ എത്തിക്കുകയും വേണം. നിരവധി മലയാളികളടക്കം ജോലിചെയ്യുന്ന ഒമാനിലെ ടെലികോം മേഖലയിലെ ചില ജോലികളിൽനിന്ന് വിദേശികളെ വിലക്കി ട്രാ കഴിഞ്ഞ ദിവസം തീരുമാനം പുറത്തിറക്കിയിരുന്നു. ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും ക്രമേണ പൂർണമായും സ്വദേശിവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

തീരുമാനം നിലവിൽവരുന്നതോടെ ടെലികോം സേവനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപിക്കാൻ പാടില്ല.

കമ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല. ടെലികോം എക്സ്ചേഞ്ചുകൾ, വിതരണ കേന്ദ്രങ്ങൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക് കഴിയില്ല. വീടുകളിൽ കമ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപിക്കരുതെന്നാണ് തീരുമാനം. 

Tags:    
News Summary - 70 percent indigenization should be implemented within five years of obtaining the permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.