മസ്കത്ത്: രാജ്യത്തെ മരണങ്ങളിൽ 72 ശതമാനവും സാംക്രമികേതര രോഗങ്ങളിലൂടെയാണെന്ന് ആരോഗ്യ മന്ത്രാലയം. പ്രായപൂർത്തിയായ അഞ്ചിൽ ഒരാൾ ഇത്തരം രോഗം ബാധിച്ച് മരിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ചെലവഴിക്കുന്ന തുകയുടെ കണക്ക് മനസ്സിലാക്കാനായി നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഹൃദയാഘാതം, സ്ട്രോക്ക്, അർബുദം, ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളും മറ്റുമാണ് സാംക്രമികേതരങ്ങളായി കണക്കാക്കുന്നത്. സാംക്രമികേതര രോഗങ്ങൾ ബാധിച്ച ആളുകളുടെ ചികിത്സക്കും മറ്റുമായി ഒമാന് പ്രതിവർഷം 1.1 ശതകോടി റിയൽ ചെലവ് വരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
2017ലെ കണക്കനുസരിച്ച് ഇത്തരം രോഗങ്ങളിലെ മരണത്തിന് പ്രധാന കാരണം ഹൃദയസംബന്ധമായ അസുഖങ്ങളാണ്. രാജ്യത്തെ 36 ശതമാനം മരണങ്ങളും ഇതുമൂലമാണ് സംഭവിച്ചത്. അർബുദം (11 ശതമാനം), പ്രമേഹം (എട്ട് ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ ഒമാന് സാംക്രമികേതര രോഗങ്ങളുടെ ഭാരം കുറക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു. ആരോഗ്യകാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹുസ്നി, മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ്, പ്ലാനിങ്, ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മി, ഗൾഫ് ഹെൽത്ത് കൗൺസിൽ ജനറൽ മാനേജർ സുലൈമാൻ അൽ ദഖീൽഎന്നിവർ പങ്കെടുത്ത യോഗത്തിലാണ് പഠനം പുറത്തുവിട്ടത്.72 ശതമാനം മരണങ്ങളും
സാംക്രമികേതര രോഗങ്ങളിലൂടെയെന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.