മസ്കത്ത്: ഒമാനിൽ സമ്പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിരോധനം നടപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചുവരുന്നത്. കഴിഞ്ഞ വർഷം നടപ്പാക്കിയ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തി. പരിസ്ഥിതി സമതിയുടെ വാർത്തസമ്മേളനത്തിലാണ് ഇതുസംബന്ധമായ പ്രഖ്യാപനം ഉണ്ടായത്. ഒമാൻ പരിസ്ഥിതി അതോറിറ്റിയും വാണിജ്യ –വ്യവസായ മന്ത്രാലയവും ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സമിതിയും ഇത് സംബന്ധമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും പരിസ്ഥിതി അതോറിറ്റി ചെയർമാൻ അബ്ദുല്ല അൽ അംറി പറഞ്ഞു. വിഷൻ 2040 നടപ്പാക്കുന്നതിന്റെ ഭാഗമായ നയങ്ങളാണ് സമിതി എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും വർഷത്തിനുള്ളിൽ പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുന്ന രീതിയിലുള്ള കർമ പദ്ധതികളാണ് ഒരുക്കുക. ഒമാനിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞ വർഷം വിജയകരമായി നടപ്പാക്കിയിരുന്നു. ഒറ്റ ഉപയോഗ ബാഗുകൾക്കാണ് കഴിഞ്ഞ വർഷം നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ രണ്ട് പ്രാവശ്യവും മൂന്ന് പ്രാവശ്യവും ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളാണ് മാർക്കറ്റിലുള്ളത്. ഇത് കാരണം നശിപ്പിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 10 വർഷത്തിനുള്ളിൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം നേടാൻ ഓരോ വർഷത്തിലും നടപ്പാക്കേണ്ട കർമപദ്ധതികൾ സമിതി ചർച്ച ചെയ്യുന്നുണ്ട്. ലോകനിലവാരത്തിനൊപ്പമുള്ള പരിസ്ഥിതി പദ്ധതികൾ ഒമാനിലും നടപ്പാക്കാനുള്ള പരിസ്ഥിതി നയങ്ങൾക്കും രൂപരേഖയുണ്ടായി. ഇതിനായി പരിസ്ഥിതി വിദഗ്ധരെയും പൊതു മേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് ഒമ്പത് മുതലാണ് ഒമാനിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നീണ്ട സമയപരിധി നൽകിയ ശേഷമായിരുന്നു സർക്കാറിന്റെ നീക്കം. ഇതിന്റ ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും കട്ടി കുറഞ്ഞ സഞ്ചികൾക്കാണ് നിരോധനം നിലവിൽ വന്നത്. 50 മൈക്രോണിന് താഴെ വരുന്ന സഞ്ചികൾക്ക് നിരോധനം നിലവിൽ വന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് നിലവിലെ സഞ്ചികൾ പൂർണമായി മാറ്റേണ്ടിവന്നിരുന്നു. ഇതോടെ ഉപഭോക്താക്കളിൽനിന്ന് വില ഈടാക്കിയാണ് സഞ്ചികൾ നൽകിയിരുന്നത്. ബഹുഭൂരിപക്ഷം ഹൈപർ മാർക്കറ്റുകളും 50 ബൈസ സഞ്ചികൾക്ക് ഈടാക്കിയിരുന്നു. ഇത് കാരണം പ്ലാസ്റ്റിക് സഞ്ചികളുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞു. എങ്കിലും ഉപഭോക്താക്കൾ സഞ്ചികൾ വില കൊടുത്ത് വാങ്ങുന്നതല്ലാതെ തുണിസഞ്ചികളും ചണ സഞ്ചികളും അടക്കമുള്ള വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സഞ്ചികൾ ഉപയോഗിക്കുന്ന സംസ്കാരം നിലവിൽ വന്നിട്ടില്ല. ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ മത്സരം ശക്തമായതോടെ പല സ്ഥാപനങ്ങളും സൗജന്യമാണ് സഞ്ചികൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.