മസ്കത്ത്: കാർഗോ ട്രക്കിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 24,000 കുപ്പി മദ്യം പിടിച്ചെടുത്തു. ഒമാനി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ആസൂത്രിതമായ ഓപറേഷനിലൂടെ കള്ളക്കടത്ത് തടഞ്ഞത്. ഹഫീത് തുറമുഖ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നടപടികൾ സ്വീകരിച്ചത്. ഇരുമ്പ്, ജിപ്സം ഉൽപന്നങ്ങൾ കൊണ്ടുപോവുകയായിരുന്ന ട്രക്കിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കപ്പെടാത്ത നിലയിലാണ് മദ്യക്കുപ്പികൾ വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത വാഹനത്തിന്റെയും മദ്യക്കുപ്പികളുടെയും ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുണ്ട്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
അതിനിടെ, തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് പരിധിയിൽ കഞ്ചാവും മയക്കുമരുന്ന് ഉൽപന്നങ്ങളും കടത്തിയ സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജരെ പൊലീസ് പിടികൂടി. പൊലീസ് കമാൻഡും കോസ്റ്റ് ഗാർഡ് പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ മേൽ നടപടികൾ സ്വീകരിച്ചു വരുകയാണ്.
മദ്യ, മയക്കുമരുന്ന് കടത്ത് തടയാൻ ഒമാനിലെ വിവിധ കുറ്റാന്വേഷണ ഏജൻസികൾ ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ദിവസങ്ങൾക്ക് മുമ്പ് മസ്യൂന തുറമുഖത്ത് 16 കിലോ ഗ്രാം മയക്കുമരുന്ന് ഉൽപന്നം പിടിച്ചെടുത്തിരുന്നു. ലഗേജിൽ ഒളിപ്പിച്ചു കടത്തവേയാണ് ഒരാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.