മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ അക്കാദമിക് മികവിനുള്ള പുരസ്കാരങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സ്കൂളിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഒമാൻ ഡെന്റൽ കോളജ് സ്ഥാപക ചെയർമാനും ഡീനുമായ പ്രഫ. മുഹമ്മദ് അൽ ഇസ്മാഈലി മുഖ്യാതിഥിയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം വിശിഷ്ടാതിഥിയുമായിരുന്നു. ഇന്ത്യൻ എംബസിയുടെ സെക്കൻഡ് സെക്രട്ടറി ജയ്പാൽ മണിക് ദേതെ, പ്രിൻസിപ്പൽ രാകേഷ് ജോഷി, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലെയും മാനേജ്മെന്റ് കമ്മിറ്റിയിലെയും അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളോടെ തുടക്കം കുറിച്ച പരിപാടിയിൽ ഹെഡ് ബോയ് നിഹാൽ സ്വാഗതം പറഞ്ഞു.
മിഡിൽ സെക്ഷനിൽനിന്നുള്ള 148 പേരടക്കം 409 വിദ്യാർഥികൾക്കും 87 അധ്യാപകർക്കുമാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ചെയർമാൻസ് അവാർഡ്, പ്രസിഡന്റ്സ് അവാർഡ്, പ്രിൻസിപ്പൽ ഹോണേഴ്സ് അവാർഡ്, സബ്ജക്ട് ടോപ്പർ, മെറിറ്റ് പുരസ്കാരങ്ങളും വിതരണം ചെയ്തു.
56 അധ്യാപകർക്ക് ഒരു അവധിപോലുമെടുക്കാതെ ജോലിക്ക് ഹാജരായതിനും 31 പേർക്ക് സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് നൽകിയ പ്രചോദനത്തിനുമാണ് അവാർഡുകൾ നൽകിയത്. അധ്യാപന മികവിനുള്ള ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ അവാർഡ് ലഭിച്ച വിദ്യാവിഷ്ണുവിനെയും ചടങ്ങിൽ അനുമോദിച്ചു. ഐ.എസ്.എമ്മിന്റെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള പ്രൊമോ വീഡിയോയും ചടങ്ങിൽ പുറത്തിറക്കി. ഹെഡ് ഗേൾ ഗായത്രി അമർ കുമാർ ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.