മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകിയതോടെ വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയാൻ സാധ്യത. ഒമാനിലെ ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി എന്നിവയാണ് അടുത്ത മാസം ഒന്നു മുതൽ വിമാനത്താവളത്തിൽനിന്നും സർവിസ് നടത്തുക. മറ്റു ടാക്സികളുടെ എതിർപ്പ് കാരണം ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളത്തിൽ സർവിസ് അനുവദിച്ചിരുന്നില്ല. നിലവിൽ വിമാനത്താവള ടാക്സികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഓൺലൈൻ ടാക്സികൾ വിമാനത്താവളത്തിൽനിന്ന് സർവിസ് ആരംഭിക്കുന്നതോടെ നിരക്കിൽ ഗണ്യമായ കുറവുണ്ടാവുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
നിലവിൽ വിമാനത്താവള ടാക്സികളുടെ നിരക്കുകൾ ആരംഭിക്കുന്നത് 2.500 റിയാൽ മുതലാണ്. പിന്നീട് 40 കിലോമീറ്റർ വരെ ഓരോ കിലോമീറ്ററിനും 400 ബൈസ വീതം വർധിക്കും. 40 കിലോമീറ്ററിനുശേഷം ഓരോ കിലോ മീറ്ററിനും 200 ബൈസ വീതമാണ് ഈടാക്കുക. സാധാരണ ഗതിയിൽ വിമാനത്താവളത്തിൽനിന്ന് മത്ര, റൂവി എന്നിവിടങ്ങളിലേക്ക് 15 മുതൽ 20 റിയാൽ വരെയാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ, ഓൺലൈൻ ടാക്സികൾക്ക് ആറു റിയാലിനടുത്ത് നൽകിയാൽ മതിയാവുമെന്നും യാത്രക്കാർ പറയുന്നു.
വിമാനത്താവളത്തിൽനിന്ന് അൽ ഖുവൈറിലേക്ക് കഴിഞ്ഞ ദിവസം 10 റിയാൽ നൽകിയതായി ഒരു യാത്രക്കാരൻ പറഞ്ഞു.
ഇത് ഏറെ പ്രതീക്ഷിച്ചിരുന്നെന്നും പുതിയ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായും ഒ ടാക്സി അധികൃതർ വ്യക്തമാക്കി. ടാക്സികളുടെ ഉയർന്ന നിരക്ക് കാരണമാണ് യാത്രക്കാർ അനധികൃത ടാക്സികളെ ഉപയോഗപ്പെടുത്തുന്നതെന്നും അധികൃതർ വിലയിരുത്തുന്നു. ഓൺലൈൻ ടാക്സികൾ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.
ഇവയുടെ നിരക്കുകൾ അടുത്ത മാസം ഒന്നു മുതൽ പ്രഖ്യാപിക്കും. ഒമാനിൽ ഒരു വനിതാ ടാക്സി അടക്കം എട്ട് ഓൺലൈൻ ടാക്സികളുണ്ടെങ്കിലും രണ്ടു ടാക്സികൾക്കു മാത്രമാണ് അധികൃതർ അംഗീകാരം നൽകിയത്. അതിനാൽ യാത്രക്കാർ ഈ രണ്ടു ടാക്സികളുടെ ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്.
ഒന്നാം ഘട്ടമായാണ് ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവിസ് അനുവദിക്കുന്നത്. നവംബർ ഒന്നു മുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, കമേഴ്സ്യൽ സെന്ററുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും പ്രവേശനം നൽകും. അടുത്ത വർഷം മുതൽ നിലവിലെ സാധാരണ ടാക്സികൾ നിർത്തലാക്കുകയും വെള്ള, ഓറഞ്ച് ടാക്സികൾ ആബർ എന്ന പേരിൽ അറിയപ്പെടുകയും ഇവ മൊബൈൽ ആപ്പുകൾ വഴി സർവിസ് നടത്തേണ്ടിവരുകയും ചെയ്യും. ഇവക്കായി ആബർ ആപ്പിനും സർക്കാർ രൂപം നൽകും. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ചെറിയ ടാക്സികളും ആപ്പുകൾക്കുള്ളിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.